ജിദ്ദ : സൗദിയിൽ ഓൺലൈൻ വ്യാപാര മേഖലയിൽ ഈ വർഷം പത്തു ശതമാനം വളർച്ച രേഖപ്പെടുത്തിയതായി സെൻട്രൽ ബാങ്ക് വെളിപ്പെടുത്തി. ഈ കൊല്ലം ആദ്യത്തെ പത്തു മാസക്കാലത്ത് 507.4 ബില്യൺ റിയാലിന്റെ ഓൺലൈൻ വ്യാപാരമാണ് രാജ്യത്ത് നടന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 461.7 ബില്യൺ റിയാലായിരുന്നു. 2019 മുതൽ 2022 വരെയുള്ള നാലു വർഷത്തിനിടെ ഓൺലൈൻ വ്യാപാരം 12 ഇരട്ടി വർധിച്ചിട്ടുണ്ട്.
സൗദി ബിസിനസ് സെന്ററിനു കീഴിലെ ബിസിനസ് പ്ലാറ്റ്‌ഫോം ഓൺലൈൻ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് രജിസ്‌ട്രേഷൻ സേവനം നൽകുന്നു. വിശ്വാസയോഗ്യമായ, മൗസൂഖ് ലൈസൻസുള്ള ഓൺലൈൻ സ്റ്റോറുകളെയും ഓൺലൈൻ വ്യാപാരികളെയും കുറിച്ച അന്വേഷണ സേവനവും ബിസിനസ് പ്ലാറ്റ്‌ഫോം നൽകുന്നു. ഓൺലൈൻ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവരുടെ രജിസ്‌ട്രേഷൻ നടപടികൾ വാണിജ്യ മന്ത്രാലയത്തിനു കീഴിലെ മഅ്‌റൂഫ് പ്ലാറ്റ്‌ഫോമിൽ നിന്ന് സമീപ കാലത്താണ് ബിസിനസ് പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയത്. ഓൺലൈൻ വ്യാപാര ഇടപാടുകളുടെ വിശ്വാസ്യത വർധിപ്പിക്കാനും തട്ടിപ്പുകൾക്ക് തടയിടാനും ഓൺലൈൻ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവരുടെ രജിസ്‌ട്രേഷൻ സഹായിക്കുന്നു.
ഓൺലൈൻ സ്റ്റോറിന് കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുമായോ ഫ്രീലാൻസിംഗ് പ്രാക്ടീഷനർ ലൈസൻസുമായോ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. വ്യവസ്ഥകൾ പൂർണമായ അപേക്ഷകളിൽ ബിസിനസ് പ്ലാറ്റ്‌ഫോം വഴി തൽക്ഷണം ഓൺലൈൻ വ്യാപാര രജിസ്‌ട്രേഷൻ അനുവദിക്കും.
ഇടപാടുകൾ നടത്തുന്നതിനും പണം ട്രാൻസ്ഫർ ചെയ്യുന്നതിനും മുമ്പായി ഓൺലൈൻ സ്റ്റോറുകളുടെ വിശ്വാസ്യത അന്വേഷിച്ച് ഉറപ്പു വരുത്തി ഉപയോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മൗസൂഖ് ലൈസൻസുള്ള ഓൺലൈൻ സ്റ്റോറുകളെയും ഓൺലൈൻ വ്യാപാരികളെയും കുറിച്ച അന്വേഷണ സേവനം ഉപയോക്താക്കളെ സഹായിക്കുന്നു. മൗസൂഖ് ലൈസൻസുള്ള ഓൺലൈൻ സ്റ്റോറുകളെയും ഓൺലൈൻ വ്യാപാരികളെയും കുറിച്ച അന്വേഷണത്തിന് ബിസിനസ് പ്ലാറ്റ്‌ഫോമിൽ ഉപയോക്താക്കൾ പ്രത്യേകം രജിസ്റ്റർ ചെയ്യുകയോ അക്കൗണ്ട് ആരംഭിക്കുകയോ ചെയ്യേണ്ടതില്ല.
ബിസിനസ് പ്ലാറ്റ്‌ഫോം വഴി രജിസ്റ്റർ ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഓൺലൈൻ സ്റ്റോർ ഉടമകളെ ബോധവൽക്കരിക്കാനും രജിസ്റ്റർ ചെയ്യാത്ത ഓൺലൈൻ സ്റ്റോറുകളുമായി ഇടപാടുകൾ നടത്തുന്നതിനെതിരെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാനും വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് സൗദി ബിസിനസ് സെന്റർ ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.