റിയാദ് :വിദേശികള്‍ ജോലി ചെയ്യുകയും ഇഖാമകളില്‍ പ്രൊഫഷനുകളായി സ്വീകരിക്കുകയും ചെയ്തിരുന്ന സെയില്‍സ് റെപ്രസന്റേറ്റീവ് (മന്‍ദൂബ് മബീആത്ത്), പര്‍ച്ചേസ് റെപ്രസന്റേറ്റീവ് (മന്‍ദുബ് മുശ്തറയാത്ത്) അടക്കം സെയില്‍സ്, പര്‍ച്ചേസ് മേഖലകളിലെ നിരവധി പ്രൊഫഷനുകളുടെ സൗദിവത്കരണത്തിന് ഇന്ന് തുടക്കമായി. ഇത് സംബന്ധിച്ച് ആറു മാസം മുമ്പ് മാനവ വിഭവ ശേഷി സാമൂഹിക ക്ഷേമമന്ത്രാലയം മുന്നറിയിപ്പ് നല്‍കുകയും ഇത്തരം പ്രൊഫഷനുകളിലുള്ളവര്‍ക്ക് മറ്റു ജോലികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഈ മേഖലയില്‍ സൗദിവത്കരണം നടപ്പാക്കുക വഴി കൂടുതല്‍ സൗദി പൗരന്മാര്‍ക്ക് തൊഴില്‍ വിപണിയില്‍ അവസരം ലഭിക്കുമെന്ന് മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു.
സെയില്‍സ് മേഖലയില്‍ ആദ്യഘട്ടമെന്ന നിലയില്‍ 15 ശതമാനമാണ് സൗദിവത്കരണം നടപ്പാക്കുന്നത്. സെയില്‍സ് മാനേജര്‍, റീട്ടെയില്‍ സെയില്‍സ് മാനേജര്‍, സെയില്‍സ് സ്‌പെഷ്യലിസ്റ്റ്, ഹോള്‍സെയില്‍ സെയില്‍സ് മാനേജര്‍, ഐടി ആന്റ് ടെലികോം എക്യുപ്‌മെന്റ് സെയില്‍സ് സ്‌പെഷ്യലിസ്റ്റ്, സെയില്‍സ് റെപ്രസന്റേറ്റീവ് എന്നീ പ്രൊഫഷനുകളാണ് പ്രധാനമായും ഈ പരിധിയില്‍ വരിക. എന്നാല്‍ പര്‍ച്ചേസ് മേഖലയില്‍ അമ്പത് ശതമാനമാണ് സൗദിവത്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രോക്യുര്‍മെന്റ് മാനേജര്‍, പ്രൊക്യുര്‍മെന്റ് റെപ്രസന്റേറ്റീവ്, കോണ്‍ട്രാക്ട് മാനേജര്‍, ബിഡ്ഡിംഗ് സ്‌പെഷ്യലിസ്റ്റ്, പ്രൊക്യുര്‍മെന്റ് സ്‌പെഷ്യലിസ്റ്റ് എന്നീ പ്രൊഫഷനുകള്‍ ഈ പരിധിയില്‍ വരും.
പ്രോജക്ട് മാനേജ്‌മെന്റ് പ്രൊഫഷനുകള്‍ ആദ്യ ഘട്ടത്തില്‍ 35% ആണ് സൗദിവത്കരിക്കുന്നത്. പ്രോജക്റ്റ് മാനേജ്‌മെന്റ് മാനേജര്‍, പ്രോജക്റ്റ് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്, പ്രോജക്റ്റ് മാനേജര്‍, പ്രോജക്റ്റ് മാനേജ്‌മെന്റ് ഓഫീസ് സ്‌പെഷ്യലിസ്റ്റ്, കമ്മ്യൂണിക്കേഷന്‍സ് പ്രോജക്റ്റ് മാനേജര്‍, ബിസിനസ് സര്‍വീസ് പ്രോജക്റ്റ് മാനേജര്‍ എന്നീ പ്രൊഫഷനുകള്‍ ഇതില്‍ ഉള്‍പ്പെടും. സൗദികളെ ജോലിക്ക് നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിന് പ്രത്യേക സഹായ പാക്കേജ് അനുവദിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.