ജിദ്ദ : ഒമ്പതു കാലാവസ്ഥാ പ്രതിഭാസങ്ങൾക്കിടെ സൗദിയിൽ സ്‌കൂളുകൾക്ക് അവധി നൽകാൻ മേധാവികൾക്ക് അധികാരമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂളുകളിൽ റെഗുലർ ക്ലാസുകൾക്ക് അവധി നൽകി ക്ലാസുകൾ ഓൺലൈൻ രീതിയിലേക്ക് മാറ്റാൻ പ്രവിശ്യാ വിദ്യാഭ്യാസ വകുപ്പ് മേധാവികൾക്ക് അധികാരമുള്ളതായി ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഗൈഡ് വ്യക്തമാക്കി. 10 മുതൽ 50 മില്ലീമീറ്റർ വരെയും അതിൽ കൂടുതലും അളവിലുള്ള കനത്ത മഴ, ദൃശ്യക്ഷമത ഒരു കിലോമീറ്ററും അതിൽ കുറവും ആകുന്ന നിലക്കുള്ള പൊടിക്കാറ്റ്, ദൃശ്യക്ഷമത ഒരു കിലോമീറ്ററും അതിൽ കുറവും ആകുന്ന നിലക്ക് അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ, ദൃശ്യക്ഷമത ഒരു കിലോമീറ്ററും അതിൽ കുറവും ആകുന്ന നിലക്കുള്ള കനത്ത മൂടൽമഞ്ഞ്, മണിക്കൂറിൽ 60 കിലോമീറ്ററും അതിൽ കൂടുതലും വേഗതയുള്ള ശക്തിയായ കാറ്റ്, മൂന്നു മീറ്ററിൽ കൂടുതൽ തിരമാല ഉയരൽ,
ഏഴു ഡിഗ്രിയും അതിൽ കുറവും ആയി താപനില കുറയുന്ന നിലക്കുള്ള അതിശൈത്യം, 51 ഡിഗ്രിയും അതിൽ കൂടുതലുമായി ഉയരുന്ന നിലക്കുള്ള കൊടും ചൂട്, മണിക്കൂറിൽ അഞ്ചു സെന്റീമീറ്റർ ഉയരത്തിൽ മഞ്ഞുപാളി രൂപപ്പെടുന്ന നിലക്കുള്ള ശക്തമായ മഞ്ഞുകാറ്റ് എന്നീ സാഹചര്യങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി സ്‌കൂളുകളിൽ റെഗുലർ ക്ലാസുകൾക്ക് അവധി നൽകി ഓൺലൈൻ രീതിയിലേക്ക് ക്ലാസുകൾ മാറ്റുന്നതിന് വിദ്യാഭ്യാസ വകുപ്പ് മേധാവികൾക്ക് അധികാരമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി യൂസുഫ് അൽ ബുനയ്യാൻ പുറപ്പെടുവിച്ച സർക്കുലർ വ്യക്തമാക്കി.
വിദ്യാർഥികളുടെ സുരക്ഷയെ ബാധിക്കുന്ന കാലാവസ്ഥാ പ്രതിഭാസങ്ങൾ, മഴക്കു ശേഷം സ്‌കൂൾ കെട്ടിടങ്ങളുടെ മോശം സ്ഥിതിഗതികൾ, പകർച്ച വ്യാധികൾ പോലെ വിദ്യാർഥികളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങൾ, റോഡുകൾ അടക്കേണ്ടി വരുന്ന നിലക്ക് സൗദി അറേബ്യ ആതിഥേയത്വം നൽകുന്ന അന്താരാഷ്ട്ര പരിപാടികൾ, ഔദ്യോഗിക സന്ദർശനങ്ങൾ, വികസന ജോലികൾക്കു വേണ്ടി സ്‌കൂൾ കെട്ടിടങ്ങൾ താൽക്കാലികമായി അടച്ചിടൽ, ടോയ്‌ലെറ്റുകൾ പോലെ അനുബന്ധ സൗകര്യങ്ങളിൽ അടിയന്തര അറ്റകുറ്റപ്പണികൾ ആവശ്യമായി വരുന്ന താൽക്കാലിക സാഹചര്യങ്ങൾ, വൈദ്യുതി സ്തംഭനം, ഒരു ദിവസത്തേക്ക് സ്‌കൂളുകളിൽ വെള്ളം ലഭ്യമാകാതിരിക്കൽ, അഗ്നിബാധ-സ്‌കൂൾ കെട്ടിടം ഭാഗികമായി തകരൽ പോലെ വിദ്യാർഥികളുടെ സുരക്ഷക്ക് ഭീഷണിയാകുന്ന സാഹചര്യങ്ങൾ, അപകടകരമായ പദാർഥങ്ങളുടെ ചോർച്ചയെ തുടർന്ന് ശുചീകരണ ജോലികൾക്കു വേണ്ടി സ്‌കൂൾ കെട്ടിടം ഒരു ദിവസത്തേക്ക് ഒഴിപ്പിക്കൽ എന്നീ സാഹചര്യങ്ങളിലും റെഗുലർ ക്ലാസുകൾക്ക് പകരം ഓൺലൈൻ രീതിയിലേക്ക് ക്ലാസുകൾ മാറ്റാൻ വിദ്യാഭ്യാസ വകുപ്പ് മേധാവികൾക്ക് അധികാരമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി യൂസുഫ് അൽ ബുനയ്യാൻ പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കി.