ജിദ്ദ : കഴിഞ്ഞ വർഷം സൗദിയിൽ ബസ് യാത്രക്കാരുടെ എണ്ണത്തിൽ 233.9 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. നഗരങ്ങൾക്കകത്തും നഗരങ്ങൾക്കിടയിലുമായി കഴിഞ്ഞ വർഷം ബസ് സർവീസുകളിൽ 4.35 കോടി പേരാണ് യാത്ര ചെയ്തത്. 2021 ൽ 1.31 കോടി പേർ ബസ് സർവീസുകൾ പ്രയോജനപ്പെടുത്തി.
റോഡ് മാർഗമുള്ള ചരക്ക് നീക്കം കഴിഞ്ഞ കൊല്ലം 6.1 ശതമാനം തോതിൽ വർധിച്ചു. 2022 ൽ റോഡ് മാർഗം 20.9 കോടി ടൺ ചരക്ക് ആണ് നീക്കം ചെയ്തത്. 2021 ൽ 19.7 കോടി ടൺ ചരക്ക് റോഡുകളിലൂടെ നീക്കം ചെയ്തിരുന്നു.
കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് ആകെ 2,66,000 കിലോമീറ്റർ നീളത്തിൽ ടാർ ചെയ്ത റോഡുകളുണ്ട്. 2021 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം റോഡുകളുടെ നീളം 1.6 ശതമാനം തോതിൽ വർധിച്ചു. 2021 ൽ സൗദിയിൽ ടാർ ചെയ്ത റോഡുകളുടെ ആകെ നീളം 2,62,000 കിലോമീറ്ററായിരുന്നു. കഴിഞ്ഞ കൊല്ലം രാജ്യത്ത് 16,962 ഗുരുതരമായ വാഹനാപകടങ്ങളുണ്ടായി. ഗുരുതരമായ വാഹനാപകടങ്ങൾ 6.8 ശതമാനം തോതിൽ കുറഞ്ഞു. വാഹനാപകടങ്ങളിൽ കഴിഞ്ഞ വർഷം 4,555 പേർ മരണപ്പെട്ടു. അപകട മരണങ്ങൾ 2.1 ശതമാനം തോതിലും കുറഞ്ഞു. വാഹനാപകടങ്ങളിൽ 24,400 ഓളം പേർക്ക് പരിക്കേറ്റു. 2021 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം അപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 4.2 ശതമാനം തോതിൽ കുറഞ്ഞു.
കഴിഞ്ഞ വർഷാവസാനത്തോടെ രാജ്യത്ത് വാഹനങ്ങൾ 1.49 കോടിയായി ഉയർന്നു. ഒരു വർഷത്തിനിടെ വാഹനങ്ങളുടെ എണ്ണം 4.9 ശതമാനം തോതിൽ വർധിച്ചു. 2021 ൽ 1.42 കോടി വാഹനങ്ങളാണ് രാജ്യത്തുണ്ടായിരുന്നത്. 76 ലക്ഷം വാഹനങ്ങൾക്ക് ഇൻഷുറൻസ് പോളിസിയുണ്ട്. ഇൻഷുറൻസ് പരിരക്ഷയുള്ള വാഹനങ്ങളുടെ എണ്ണം കഴിഞ്ഞ വർഷം 26.9 ശതമാനം തോതിൽ വർധിച്ചു.