മക്ക : പൊതു സ്ഥലങ്ങളിലും നടപ്പാതകളിലും പ്രാവുകള്‍ക്കോ മൃഗങ്ങള്‍ക്കോ ഭക്ഷണം നല്‍കുന്നത് നിയമവിരുദ്ധമാണെന്നും അങ്ങനെ ചെയ്യുന്നവര്‍ ആയിരം റിയാല്‍ പിഴ നല്‍കേണ്ടിവരുമെന്നും മക്ക മുനിസിപ്പാലിറ്റി വക്താവ് ഉസാമ സൈതൂനി വ്യക്തമാക്കി. നടപ്പാതകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിന് ഇത് കാരണമാകുന്നുണ്ട്. നടപ്പാതകളടക്കമുള്ള പൊതുസ്ഥലങ്ങള്‍ കേടുവരുത്തുന്നത് നിയമലംനമാണ്. മന്ത്രിസഭ അടുത്തിടെ പുറത്തിറക്കിയ ഗുരുതര നിയമലംഘനങ്ങളുടെ പട്ടികയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങള്‍ക്ക് ആയിരം റിയാലാണ് പിഴ. ആവര്‍ത്തിച്ചാല്‍ ഇരട്ടിയാകും. നടപ്പാതകള്‍ കൃത്യമായ ഇടവേളകളില്‍ നഗരസഭ കഴുകി വൃത്തിയാക്കുന്നുണ്ട്. പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നതും പാതകളുടെ ഭംഗിക്ക് തടസ്സമാകുന്നതുമായ വസ്തുക്കള്‍ നീക്കുകയും ചെയ്യുന്നു. ഇതുസംബന്ധിച്ച് സൗദികള്‍ക്കും പ്രവാസികള്‍ക്കും ഇടയില്‍ ബോധവത്കരണം നടത്തുന്നുമുണ്ട്. അദ്ദേഹം പറഞ്ഞു. പ്രാണികള്‍, പുഴുക്കള്‍ എന്നിവയുടെ വ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ പക്ഷികള്‍ക്ക് തീറ്റ നല്‍കുന്നതിന് റോഡുകളിലെയും മറ്റുമുള്ള നടപ്പാതകളില്‍ ധാന്യങ്ങളോ ഭക്ഷണ അവശിഷ്ടങ്ങളോ ഇട്ടുകൊടുക്കരുതെന്ന് നേരത്തെ മക്ക നഗരസഭ നേരത്തെ ആവശ്യപ്പെട്ടിരുന്നു.