ജിദ്ദ : തവണ വ്യവസ്ഥയിൽ ആഭ്യന്തര, അന്താരാഷ്ട്ര ടിക്കറ്റുകൾ വിൽക്കാൻ മധ്യപൗരസ്ത്യദേശത്തെ മുൻനിര ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ നാസും സൗദിയിലെയും മേഖലയിലെയും മുൻനിര ഷോപ്പിംഗ്, പെയ്മെന്റ് ഫിൻടെക് പ്ലാറ്റ്ഫോം ആയ തമാറയും പങ്കാളിത്ത കരാർ ഒപ്പുവെച്ചു. ഫ്ളൈ നാസ് ഡിജിറ്റൽ സെയിൽസ്, ലോയൽറ്റി വൈസ് പ്രസിഡന്റ് അലി ജാസിമും തമാറ കമ്പനി സ്ഥാപക പാർട്ണറും ഡയറക്ടർ ജനറലുമായ തുർക്കി താരിഖ് ബിൻ സർഅയുമാണ് കരാറിൽ ഒപ്പുവെച്ചത്. ഫ്ളൈ നാസ് ടിക്കറ്റ് നിരക്ക് നാലു പ്രതിമാസ തവണകളായി വരെ അടക്കാനുള്ള സൗകര്യം പുതിയ കരാറിലൂടെ യാത്രക്കാർക്ക് ലഭിക്കും. സൗദിയിൽ വ്യോമയാന രംഗത്തെ ഡിജിറ്റൽ പരിവർത്തനത്തിലും, നൂതന സേവനങ്ങളും പരിഹാരങ്ങളും നൽകുന്നതിലും മുൻനിര സ്ഥാനം കൈവരിക്കാനുള്ള ഫ്ളൈ നാസിന്റെ പ്രതിബദ്ധതയാണ് കരാർ പ്രതിഫലിപ്പിക്കുന്നതെന്ന് കമ്പനി പറഞ്ഞു. സൗദിയിലെ വിവിധ പ്രവിശ്യകളിൽ ഉപയോക്താക്കളുടെ മുൻഗണനകൾ നിറവേറ്റാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും വിവിധ പെയ്മെന്റ് ഓപ്ഷനുകൾ നൽകാൻ ഫ്ളൈ നാസ് ആഗ്രഹിക്കുന്നതായും ലോകത്തെ ഏറ്റവും മികച്ച നാലാമത്തെ ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ നാസ് പറഞ്ഞു. ഫ്ളൈ നാസ് വെബ്സൈറ്റും ആപ്പും വഴി പുതിയ സേവനം പ്രയോജനപ്പെടുത്താൻ യാത്രക്കാർക്ക് സാധിക്കും.