ജിദ്ദ : ഗാസ ഭരണം കൈയാളാൻ ഫലസ്തീൻ അതോറിറ്റിക്ക് കഴിയുമെന്നും ഇതിന് മറ്റു ക്രമീകരണങ്ങൾ ആവശ്യമില്ലെന്നും സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. അറബ്, ഇസ്‌ലാമിക് വിദേശ മന്ത്രിമാർ ഓസ്‌ലോയിൽ നോർവീജിയൻ വിദേശ മന്ത്രി എസ്പൻ ബാർത്ത് ഈഡിക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ. വെസ്റ്റ് ബാങ്കിലെ ഭരണം കൈയാളാൻ ഫലസ്തീൻ അതോറിറ്റിക്ക് കഴിവും ശേഷിയുമുണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഗാസയെയും വെസ്റ്റ് ബാങ്കിനെയും ഉൾപ്പെടുത്തി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുകയാണെങ്കിൽ അതിനനുസരിച്ച ഉത്തരവാദിത്തങ്ങൾ വഹിക്കാൻ ഏറ്റവുമധികം കഴിയുക ഫലസ്തീൻ അതോറിറ്റിക്കാണ്.
ഗാസയിലെ സ്ഥിതിഗതികൾ യുദ്ധം അവസാനിപ്പിക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെടുന്നു. വെടിനിർത്തൽ നടപ്പാക്കാതെ ഗാസയുടെ ഭാവിയെ കുറിച്ച് സംസാരിക്കാൻ കഴിയില്ല. ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം ഒരിക്കൽ കൂടി രക്ഷാ സമിതിയിൽ അവതരിപ്പിക്കണമെന്നും പ്രമേയത്തെ എതിർത്ത് അമേരിക്ക വീറ്റോ ഉപയോഗിക്കരുതെന്നുമാണ് പ്രത്യാശിക്കുന്നത്. 150 ലേറെ രാജ്യങ്ങൾ ഉടനടി വെടിനിർത്തൽ ആവശ്യപ്പെട്ടു. ലോക രാജ്യങ്ങളുടെ ഈയാവശ്യം പുലർന്നുകാണമെന്നാണ് പ്രത്യാശിക്കുന്നതെന്നും ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു.
ഫലസ്തീൻ ജനതയെ പൂർണമായും ഇല്ലാതാക്കാനും ഗാസയെ പൂർണമായും തകർത്തു തരിപ്പണമാക്കി വാസയോഗ്യമല്ലാതാക്കി മാറ്റാനുമാണ് യുദ്ധത്തിലൂടെ ഇസ്രായിൽ ലക്ഷ്യമിടുന്നതെന്ന് ഫലസ്തീൻ വിദേശ മന്ത്രി രിയാദ് അൽമാലികി പറഞ്ഞു. ഗാസയിൽ സ്ഥിതിഗതികൾ വഷളാകാതിരിക്കാൻ ഗൗരവമായ നടപടികൾ സ്വീകരിക്കണം. ഗാസയിൽ സാധാരണക്കാരെ പട്ടിണിക്കിടുന്നതും നിർബന്ധിത കുടിയൊഴിപ്പിക്കലും തടയണമെന്നും ഫലസ്തീൻ വിദേശ മന്ത്രി ആവശ്യപ്പെട്ടു.
നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോറുമായും നോർഡിക് രാജ്യങ്ങളുടെയും (നോർവെ, ഡെന്മാർക്ക്, സ്വീഡൻ, ഫിൻലാന്റ്, ഐസ്‌ലന്റ്) ബെനലക്‌സ് രാജ്യങ്ങളുടെയും (നെദർലാന്റ്‌സ്, ബെൽജിയം, ലക്‌സംബർഗ്) വിദേശ മന്ത്രിമാരുമായും അറബ്, ഇസ്‌ലാമിക് മന്ത്രിമാർ ഓസ്‌ലോയിൽ വെച്ച് ചർച്ച നടത്തി. സൗദി വിദേശ മന്ത്രിക്കു പുറമെ ഖത്തർ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽഥാനി, ജോർദാൻ വിദേശ, പ്രവാസികാര്യ മന്ത്രി അയ്മൻ അൽസ്വഫദി, ഫലസ്തീൻ വിദേശ, പ്രവാസി മന്ത്രി രിയാദ് അൽമാലികി, തുർക്കി വിദേശ മന്ത്രി ഹാകാൻ ഫൈദാൻ, ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം ത്വാഹ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഗാസയിലെ ഗുരുതരമായ സംഭവവികാസങ്ങൾ, സാധാരണക്കാരെ ലക്ഷ്യമിട്ട് തുടരുന്ന ഇസ്രായിൽ ആക്രമണങ്ങൾ എന്നിവ യോഗത്തിൽ വിശകലനം ചെയ്തു.
ഗാസയിൽ ഫലസ്തീൻ ജനതയെ ലക്ഷ്യമിട്ടുള്ള ആക്രമണം തുടരുന്നത് അംഗീകരിക്കില്ലെന്ന ഏകീകൃത നിലപാട് അറബ്, ഇസ്‌ലാമിക് മന്ത്രിമാർ ആവർത്തിച്ചു. അന്താരാഷ്ട്ര നിയമം അനുശാസിക്കുന്നതു പ്രകരാം ഉടനടി വെടിനിർത്തൽ നടപ്പാക്കണമെന്നും സാധാരണക്കാർക്ക് സംരക്ഷണം നൽകണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു.
ഓസ്‌ലോയിൽ വെച്ച് നോർവീജിയിൻ വിദേശ മന്ത്രി എസ്പൻ ബാർത്ത് ഈഡിയുമായി സൗദി വിദേശ മന്ത്രി പ്രത്യേകം ചർച്ച നടത്തി. ഗാസയിലെ പുതിയ സംഭവവികാസങ്ങളും വെടിനിർത്തൽ നടപ്പാക്കാനും റിലീഫ് വസ്തുക്കൾ എത്തിക്കാൻ സുരക്ഷിത ഇടനാഴികൾ ഒരുക്കാനും നടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ചും ഇരുവരും വിശകലനം ചെയ്തു. ഫലസ്തീനികളുടെ നിയമാനുസൃത അവകാശങ്ങൾ ഉറപ്പാക്കുകയും ലോക സമാധാനവും സുരക്ഷയും കൈവരിക്കാൻ സഹായിക്കുകയും ചെയ്യുന്ന തരത്തിൽ പശ്ചിമേഷ്യയിൽ നീതിപൂർവകവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിന് രാഷ്ട്രീയ സാഹചര്യം ഒരുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും സൗദി, നോർവീജിയൻ വിദേശ മന്ത്രിമാർ വിശകലനം ചെയ്തു. വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽദാവൂദും നോർവെയിലെ സൗദി എംബസി ചാർജ് ഡി അഫയേഴ്‌സ് അഹ്മദ് അൽഹർബിയും വിദേശ മന്ത്രാലയത്തിലെ ഉപദേഷ്ടാവ് ഡോ. മനാൽ രിദ്‌വാനും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.