ഓട്ടവ : ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികൾക്ക് പിന്തുണ തേടി അറബ് ഇസ്‌ലാമിക രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ കാനഡയിലെത്തി. സംഘത്തിന്റെ അന്താരാഷ്ട്ര നയതന്ത്ര ചർച്ചകളുടെ എട്ടാം റൗണ്ടാണിത്. കഴിഞ്ഞ മാസം റിയാദിൽ നടന്ന അറബ് ഇസ്‌ലാമിക രാഷ്ട്ര നേതാക്കളുടെ ഉച്ചകോടി തീരുമാനമനുസരിച്ചാണ് വിദേശകാര്യ മന്ത്രിമാർ വിവിധ രാജ്യങ്ങളിൽ നയതന്ത്ര ചർച്ചകൾ നടത്തിവരുന്നത്.
സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, ഫലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് അൽമാലികി, തുർക്കി വിദേശകാര്യ മന്ത്രി ഹാകാൻ ഫിദാൻ എന്നിവരാണ് കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളിയുമായി ചർച്ച നടത്തിയത്.
ഇസ്രായിൽ അധിനിവേശ സേനയുടെ ആക്രമണങ്ങളിൽ നിന്ന് ഗാസയിലെ നിരപരാധികളായ സാധാരണക്കാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണം. ഗാസയുടെ ഭാവിയെക്കുറിച്ചും ഫലസ്തീൻ പ്രശ്‌നത്തെക്കുറിച്ചും സംസാരിക്കേണ്ടത് ഉടനടിയുള്ള വെടിനിർത്തലിനും അന്യായമായ സൈനിക നടപടികൾക്കും ശേഷ മായിരിക്കണം. ഗാസ മുനമ്പിലെ സംഭവ വികാസങ്ങളും അവയുടെ പ്രത്യാഘാതങ്ങളും പ്രതിരോധമില്ലാത്ത സാധാരണക്കാർക്കെതിരായ സൈനിക നടപടികളും ചർച്ച ചെയ്ത മന്ത്രിമാർ ഗാസയിൽ സുരക്ഷയും സ്ഥിരതയും തിരിച്ചുവരുന്നത് ഉറപ്പാക്കാൻ അടിയന്തരമായ വെടിനിർത്തലിന്റെ പ്രാധാന്യം ആവർത്തിച്ചു. അടിയന്തര മാനുഷിക, ഭക്ഷണ, വൈദ്യസഹായം എത്തിക്കുന്നതിനുള്ള ദുരിതാശ്വാസ ഇടനാഴികൾ സുരക്ഷിതമാക്കുന്നതിന് ഗൗരവമേറിയതും അടിയന്തരവുമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. മാനുഷിക സഹായം വേഗത്തിലും സുരക്ഷിതമായും എത്തിക്കുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കാനും ഇടപെടണം. 1967 ലെ പ്ലാൻ അനുസരിച്ചുള്ള ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കേണ്ടതിന്റെ അനുവാര്യമായ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇപ്പോഴുള്ളത്. ഗാസ മുനമ്പിനെ ഫലസ്തീനിൽ നിന്ന് ഒറ്റപ്പെടുത്താനുള്ള നീക്കം അംഗീകരിക്കില്ലെന്നും ചർച്ചയിൽ മന്ത്രിതല സമിതി വ്യക്തമാക്കി.
ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയങ്ങൾ സുരക്ഷാ കൗൺസിലിലും ഐക്യരാഷ്ട്ര സഭയിലും തടസ്സപ്പെടുത്തുന്നതിൽ മന്ത്രിതല സമിതി അംഗങ്ങൾ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായുള്ള കൂടിക്കാഴ്ചയിൽ അതൃപ്തി പ്രകടിപ്പിച്ചു. ദുരിതാശ്വാസ ഇടനാഴികളുടെ സുരക്ഷ ഉറപ്പാക്കാൻ ഗൗരവമേറിയതും അടിയന്തരവുമായ നടപടികൾ കൈക്കൊള്ളണമെന്നും ഗാസ മുനമ്പിലേക്ക് അടിയന്തര മാനുഷിക, ഭക്ഷണ, വൈദ്യസഹായം എത്തിക്കണമെന്നും അവർ ആവശ്യപ്പെട്ടു.