ജിദ്ദ : വിസാ കാലാവധിക്കുള്ളിൽ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാത്ത തീർഥാടകരുടെ അനുപാതം ഒരു ശതമാനം കവിഞ്ഞത് അടക്കമുള്ള ഗുരുതരമായ നിയമ ലംഘനങ്ങൾ ആവർത്തിച്ചതാണ് പത്തു ഉംറ സർവീസ് കമ്പനികളുടെ ലൈസൻസുകൾ ഹജ്, ഉംറ മന്ത്രാലയം റദ്ദാക്കാൻ കാരണമെന്ന് അഭിജ്ഞ വൃത്തങ്ങൾ വെളിപ്പെടുത്തി. ഹജ്, ഉംറ മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും നിയമ ലംഘനങ്ങൾ ആവർത്തിച്ചതാണ് കമ്പനികൾക്കെതിരായ നടപടിക്ക് കാരണം. മക്കയിലും മദീനയിലും തീർഥാടകർക്ക് അനുയോജ്യമായ താമസസൗകര്യങ്ങൾ ഒരുക്കൽ അടക്കമുള്ള സേവനങ്ങളൊന്നും നൽകാതെ വിദേശ ഏജന്റുമാർക്ക് വിസ ഇഷ്യു ചെയ്യുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതും കമ്പനികൾക്കെതിരായ നടപടികൾക്ക് കാരണമാണ്.
ഇത്തരം തീർഥാടകർക്ക് വിദേശ ഏജന്റുമാർ ബന്ധപ്പെട്ട വകുപ്പുകളുടെ ലൈസൻസില്ലാത്ത കെട്ടിടങ്ങളിലാണ് താമസസൗകര്യം ഏർപ്പെടാക്കി നൽകിയിരുന്നത്. മക്കക്കും മദീനക്കുമിടയിലെ യാത്രക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കാത്തതും റൗദ ശരീഫ് സിയാറത്തിന് ബുക്കിംഗ് ലഭ്യമാക്കാത്തതും മക്കയിലും മദീനയിലും തീർഥാടകരെ സ്വീകരിക്കാനും അവർക്ക് ആവശ്യമായ സേവനങ്ങൾ നൽകാനും പ്രതിനിധികളെ ചുമതലപ്പെടുത്താത്തതും കമ്പനികൾക്കെതിരായ നടപടികൾക്ക് കാരണമാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. വിദേശ തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിൽ വീഴ്ചകൾ വരുത്തിയതിന് ഏതാനും ഉംറ സർവീസ് കമ്പനികളുടെ ലൈസൻസുകൾ റദ്ദാക്കിയതായും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് കമ്പനികൾക്കെതിരായ കേസുകൾ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായും ഹജ്, ഉംറ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകലും യാതൊരുവിധ പ്രയാസങ്ങളും കൂടാതെ കർമങ്ങൾ നിർവഹിക്കാൻ അവർക്ക് സൗകര്യങ്ങൾ ഒരുക്കലും ഏറ്റവും വലിയ മുൻഗണനയാണെന്ന് ഹജ്, ഉംറ മന്ത്രി തൗഫീഖ് അൽറബീഅ പറഞ്ഞു. തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിൽ വീഴ്ചകൾ വരുത്തുന്ന കമ്പനികൾക്കും വ്യക്തികൾക്കുമെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിൽ യാതൊരുവിധ ദാക്ഷിണ്യവും കാണിക്കില്ല. മുഴുവൻ തീർഥാടകർക്കും ഏറ്റവും മികച്ച അനുഭവം പ്രദാനം ചെയ്യാനാണ് ഹജ്, ഉംറ മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.