റിയാദ് : റിയാദില്‍ ആരംഭിക്കുന്ന വിനോദ, സാംസ്‌കാരിക, കായിക നഗരമായ ഖിദിയ നഗരപദ്ധതിക്ക് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തുടക്കമിട്ടു. ഖിദ്ദിയ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമാണ് കിരീടാവകാശി.
സമീപഭാവിയില്‍ ഖിദ്ദിയ നഗരം വിനോദം, കായികം, സാംസ്‌കാരിക രംഗങ്ങളില്‍ ലോകത്തിലെ ഏറ്റവും പ്രമുഖമായി മാറുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും അന്താരാഷ്ട്ര നിലയെയും ക്രിയാത്മകമായി പ്രതിഫലിപ്പിക്കുകയും രാജ്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. ലോകത്തിലെ ഏറ്റവും വലിയ 10 സാമ്പത്തിക നഗരങ്ങളില്‍ ഒന്നായി മാറാനുള്ള ശ്രമത്തിലാണ് റിയാദെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വരുമാന സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കാനും സൗദി യുവാക്കള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിടുന്ന കിംഗ്ഡം വിഷന്‍ 2030 ന്റെ സ്തംഭങ്ങളിലൊന്നാണ് ഖിദ്ദിയ നഗരത്തിലെ നിക്ഷേപമെന്നും കിരീടാവകാശി കൂട്ടിച്ചേര്‍ത്തു.
വിനോദം, കായികം, സാംസ്‌കാരിക മേഖലകളില്‍ നിരവധി ആസ്വാദ്യകരമായ അനുഭവങ്ങള്‍ നല്‍കാന്‍ ഖിദ്ദിയ നഗരം ലക്ഷ്യമിടുന്നു. 360 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 60,000 കെട്ടിടങ്ങളും 600,000ത്തിലധികം ആളുകള്‍ക്ക് പാര്‍പ്പിടവും 325,000ലധികം ഗുണനിലവാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ നഗരം മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഏകദേശം 135 ബില്യണ്‍ സൗദി റിയാലിന്റെ വര്‍ധനവ് കൈവരിക്കും. ഖിദ്ദിയ നഗരം പ്രതിവര്‍ഷം 48 ദശലക്ഷം സന്ദര്‍ശകരെ സ്വീകരിക്കാന്‍ ലക്ഷ്യമിടുന്നു.
തലസ്ഥാനമായ റിയാദിന്റെ മധ്യഭാഗത്ത് നിന്ന് 40 മിനിറ്റ് അകലെ തുവൈഖ് മലനിരകളുടെ ഹൃദയഭാഗത്താണ് ഖിദ്ദിയ നഗരം സ്ഥിതി ചെയ്യുന്നത്. പ്രകൃതിദത്ത ലാന്‍ഡ്മാര്‍ക്കുകളുടെയും അതുല്യമായ പാരിസ്ഥിതിക വിഭവങ്ങളുടെയും അസാധാരണമായ കാഴ്ചകളാണ് ഇതിന്റെ സവിശേഷത. ഫോര്‍മുല 1 റേസിംഗ് ട്രാക്ക്, രണ്ട് ഗോള്‍ഫ് കോഴ്‌സുകള്‍, ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് സിറ്റി എന്നിവക്ക് പുറമേ ഇലക്ട്രോണിക് ഗെയിമുകള്‍ക്കായുള്ള ആഗോള ആസ്ഥാനവും മോട്ടോര്‍ സ്‌പോര്‍ട്‌സിനായി സമര്‍പ്പിച്ചിരിക്കുന്ന ഒരു പ്രദേശവും ഇതില്‍ ഉള്‍പ്പെടുന്നു. ആറ് അമ്യൂസ്‌മെന്റ് പാര്‍ക്കും വാട്ടര്‍ പാര്‍ക്കും കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ഒളിംപിക് മ്യൂസിയവും ഇതില്‍ അടങ്ങിയിരിക്കുന്നു.
വിനോദം,കായികം, സാംസ്കാരിക രംഗങ്ങളിൽ ലോകത്തിലെ ഏറ്റവും പ്രമുഖമായി മാറാൻ സൗദി
