റിയാദ് : സൗദി അറേബ്യയില്‍ 15 ശതമാനം മൂല്യവര്‍ധിത നികുതി (വാറ്റ്) തുടരുമെന്നും നികുതി ഘടനയില്‍ മാറ്റങ്ങളുണ്ടാകുമ്പോള്‍ അറിയിക്കുമെന്നും ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ വ്യക്തമാക്കി. ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ഇന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ നികുതി ഘടനയില്‍ മാറ്റങ്ങളില്ല.
ഈ വര്‍ഷം അന്താരാഷ്ട്ര റാങ്കിംഗ് നേടുന്ന രണ്ടാമത്തെ രാജ്യമാണ് സൗദി. 2023 ല്‍ ഒരു ദശലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സമ്പദ്‌വ്യവസ്ഥ സാക്ഷ്യം വഹിച്ചു. 2016ല്‍ സൗദി വിഷന്‍ 2030 ആരംഭിച്ചതിന് ശേഷം മൊത്ത ആഭ്യന്തര ഉല്‍പ്പാദനം മികച്ച വളര്‍ച്ച കൈവരിച്ചിട്ടുണ്ടെന്നും വിഷന്‍ പ്രഖ്യാപിക്കുമ്പോള്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 2.5 ട്രില്യണ്‍ റിയാലായിരുന്നുവെന്നും ഇന്ന് 2023ല്‍ അത് 65ശതമാനം വര്‍ധിച്ച് 4.1 ട്രില്യണ്‍ റിയാലില്‍ അധികമായെന്നും അദ്ദേഹം പറഞ്ഞു. എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനുള്ള രാജ്യത്തിന്റെ തീരുമാനത്തെ മന്ത്രി പ്രശംസിച്ചു. ഇത് 2023 ല്‍ 0.03% ജിഡിപി വളര്‍ച്ചയിലേക്ക് നയിച്ചു. എണ്ണ ഇതര മേഖലയുടെ ശരാശരി വളര്‍ച്ചയെ ഇത് സൂചിപ്പിക്കുന്നു.
അടുത്ത വര്‍ഷത്തെ ബജറ്റ് എണ്ണ ഇതര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. 2030 വരെ ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ പ്രതീക്ഷ 6% ആണെന്നും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി പൊതുമേഖലാ വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സൈനിക മേഖലയിലെ പദ്ധതികളും തന്ത്രങ്ങളും നവീകരിക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി സൈനിക ചെലവ് വര്‍ധിക്കാന്‍ കാരണം. ലോകത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ക്കും ലോകമെമ്പാടുമുള്ള ജിയോപൊളിറ്റിക്കല്‍ വെല്ലുവിളികള്‍ക്കും അനുസൃതമായി സൈനിക മേഖല ആധുനികവത്കരിക്കാന്‍ പത്ത് വര്‍ഷത്തെ പദ്ധതി വികസിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക, സുരക്ഷ മേഖലയില്‍ ഇത് സ്ഥിരത കൈവരുത്തും.
ബജറ്റില്‍ പദ്ധതികള്‍ക്കുള്ള ചെലവ് മൂലമുള്ള കമ്മി ആശങ്കാജനകമായ നിരക്കല്ല. പണപ്പെരുപ്പം ഒരു ആഗോള അവസ്ഥയാണ്. സൗദിയിലും അതുണ്ടാവും. പണപ്പെരുപ്പ നിരക്ക് നിയന്ത്രിക്കാന്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 200 ബില്യണ്‍ റിയാല്‍ കവിയുന്ന മൂലധന ചെലവുണ്ടാകും. അദ്ദേഹം പറഞ്ഞു.