ജിദ്ദ : ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ടിനെയും ഇന്ത്യയുടെ പശ്ചിമ തീരത്തെയും അമേരിക്കയുടെ കിഴക്കന്‍ തീരത്തെയും ബന്ധിപ്പിച്ച് ലോകത്തെ ഏറ്റവും വലിയ ആറാമത്തെ കണ്ടെയ്‌നര്‍ കപ്പലായ ഓഷ്യന്‍ നെറ്റ്‌വര്‍ക്ക് എക്‌സ്പ്രസ് (വണ്‍) പുതിയ ഷിപ്പിംഗ് സര്‍വീസ് ആരംഭിക്കുന്നതായി സൗദി പോര്‍ട്ട്‌സ് അതോറിറ്റി അറിയിച്ചു.
ഇന്ത്യയിലെ മുന്ദ്ര, സൂറത്തിലെ ഹസീറ, മുംബൈയിലെ ഞാവഷേവ (ജവഹര്‍ലാല്‍ നെഹ്രു), പാക്കിസ്ഥാനിലെ മുഹമ്മദ് ബിന്‍ ഖാസിം, ഈജിപ്തിലെ ദമിയാത്ത, സ്‌പെയിനിലെ ഗ്രീന്‍ ഐലന്റ് ഫോര്‍ട്ട്, അമേരിക്കയിലെ ന്യൂയോര്‍ക്ക്, സാവന്ന, നോര്‍ഫോള്‍ക്, ചാര്‍ലെസ്റ്റന്‍, ജാക്‌സണ്‍വില്‍ എന്നീ പതിനൊന്ന് തുറമുഖങ്ങളെയും ജിദ്ദ തുറമുഖത്തെയും ബന്ധിപ്പിച്ചാണ് വിന്‍ എന്ന് നാമകരണം ചെയ്ത പുതിയ ഷിപ്പിംഗ് സര്‍വീസിന് ഓഷ്യന്‍ നെറ്റ്‌വര്‍ക്ക് എക്‌സ്പ്രസ് (വണ്‍) തുടക്കം കുറിക്കുന്നത്. 2024 മെയ് മാസം മുതല്‍ ഓഷ്യന്‍ നെറ്റ്‌വര്‍ക്ക് എക്‌സ്പ്രസ് ഒമ്പതു കപ്പലുകള്‍ ഉപയോഗിച്ച് പ്രതിവാര റെഗുലര്‍ സര്‍വീസുകള്‍ ആരംഭിക്കുംകയറ്റുമതിക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും ഷിപ്പിംഗ് ഏജന്‍സികള്‍ക്കും മുന്നില്‍ ആധുനിക പശ്ചാത്തല സൗകര്യങ്ങളുള്ള ജിദ്ദ തുറമുഖത്തിന്റെ മത്സരക്ഷമത വര്‍ധിപ്പിക്കാന്‍ പുതിയ ഷിപ്പിംഗ് സേവനം സഹായിക്കും. സൗദി തുറമുഖങ്ങളെ ബന്ധിപ്പിച്ച് ലോകത്തെ ഷിപ്പിംഗ് കമ്പനികള്‍ ഈ വര്‍ഷം പ്രഖ്യാപിക്കുന്ന 26-ാമത്തെ ഷിപ്പിംഗ് സര്‍വീസ് ആണ് ഓഷ്യന്‍ നെറ്റ്‌വര്‍ക്ക് എക്‌സ്പ്രസിന്റെ വിന്‍. കയറ്റുമതിക്കും ഇറക്കുമതിക്കും വേണ്ടിവരുന്ന കാലയളവും സൗദി തുറമുഖങ്ങളിലേക്കുള്ള ഷിപ്പിംഗ് ചാര്‍ജും കുറച്ചും സാമ്പത്തിക വളര്‍ച്ച ശക്തമാക്കാനും വാണിജ്യ വിനിമയവും കയറ്റുമതിയും വര്‍ധിപ്പിക്കാനും പുതിയ ഷിപ്പിംഗ് സര്‍വീസുകളിലൂടെ ലക്ഷ്യമിടുന്നതായി സൗദി പോര്‍ട്ട്‌സ് അതോറിറ്റി പറഞ്ഞു.