ജിദ്ദ : ഈ മാസം 12 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ ജിദ്ദയില്‍ നടക്കുന്ന ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് മത്സരങ്ങള്‍ വീക്ഷിക്കാന്‍ ടിക്കറ്റുകള്‍ നേടുന്നവര്‍ക്ക് സൗദിയില്‍ എളുപ്പത്തില്‍ പ്രവേശിക്കാന്‍ ഇ-വിസ അനുവദിക്കുമെന്ന് വിദേശ മന്ത്രാലയം അറിയിച്ചു. സ്പോര്‍ട്സ്, വിദേശ മന്ത്രാലയങ്ങള്‍ സഹകരിച്ചാണ് ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് ടിക്കറ്റുകള്‍ നേടുന്നവര്‍ക്ക് ഇ-വിസ അനുവദിക്കുന്നത്.
ബ്രിട്ടനില്‍ നിന്നുള്ള മാഞ്ചസ്റ്റര്‍ സിറ്റി, ബ്രസീലില്‍ നിന്നുള്ള ഫഌമിനസി, സൗദിയില്‍ നിന്നുള്ള അല്‍ഇത്തിഹാദ്, ഈജിപ്തില്‍ നിന്നുള്ള അല്അഹ്ലി, ന്യൂസിലാന്റില്‍ നിന്നുള്ള ഓക്ലാന്റ് സിറ്റി, മെക്സിക്കോയില്‍ നിന്നുള്ള ക്ലബ്ബ് ലിയോണ്‍, ജപ്പാനില്‍ നിന്നുള്ള ഉറാവ റെഡ് ഡയമണ്ട്സ് എന്നീ ക്ലബ്ബുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ ആവേശകരമായ അന്തരീക്ഷത്തില്‍ വീക്ഷിക്കാന്‍ ലോകത്തെങ്ങും നിന്നുള്ള ഫുട്ബോള്‍ പ്രേമികള്‍ക്ക് ഇ-ടിക്കറ്റ് അവസരമൊരുക്കും. ഇതിനു പുറമെ നേരത്തെ തന്നെ ഇ-വിസയും ഓണ്‍അറൈവല്‍ വിസയും അനുവദിക്കുന്ന രാജ്യക്കാര്‍ക്കും എളുപ്പത്തില്‍ സൗദിയില്‍ എത്തി ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് മത്സരങ്ങള്‍ വീക്ഷിക്കാന്‍ സാധിക്കും. സൗദിയില്‍ ആദ്യമായാണ് ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് മത്സരങ്ങള്‍ നടക്കുന്നത്. ജിദ്ദയിലെ രണ്ടു സ്റ്റേഡിയങ്ങളിലായാണ് മുഴുവന്‍ മത്സരങ്ങളും നടക്കുക. ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് ടിക്കറ്റുകള്‍ നേടിയവര്‍ക്ക് വിദേശ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി വിസാ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും.