ജിദ്ദ : ഗള്‍ഫ് രാജ്യങ്ങളിലെ ടൂറിസം മേഖലയില്‍ കൂടുതല്‍ നിക്ഷേപാവസരങ്ങള്‍ തുറക്കാന്‍ സഹായകമാകുന്നതാണ്
ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസ. സന്ദര്‍ശകരുടെയും ടൂറിസ്റ്റുകളുടെയും യാത്ര എളുപ്പമാക്കാനും സാമ്പത്തിക വളര്‍ച്ചക്കുള്ള ചാലകശക്തിയായി ടൂറിസം മേഖലയുടെ പങ്ക് ശക്തമാക്കാനും ഇത് സഹായിക്കും.
മുഴുവന്‍ അംഗരാജ്യങ്ങളിലും ടൂറിസം മേഖലയില്‍ കൂടുതല്‍ നിക്ഷേപാവസരങ്ങള്‍ തുറക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ ടൂറിസം, സാമ്പത്തിക മേഖലകള്‍ക്ക് ഗുണകരമാകുന്ന നിലയില്‍ ഏകീകൃത ടൂറിസ്റ്റ് വിസ നടപ്പാക്കുന്നത് ഉറപ്പാക്കുമെന്നും ഇക്കാര്യത്തില്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ ടൂറിസം മന്ത്രാലയങ്ങളുമായി സഹകരിക്കുമെന്നും സൗദി ടൂറിസം മന്ത്രി അഹ്മദ് അല്‍ഖത്തീബ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ അല്‍ഉലയില്‍ ചേര്‍ന്ന ജി.സി.സി ടൂറിസം മന്ത്രിമാരുടെ യോഗമാണ് ഗള്‍ഫ് ടൂറിസം സ്ട്രാറ്റജി അംഗീകരിച്ചത്. ഏകീകൃത ടൂറിസം വിസയാണ് ഗള്‍ഫ് ടൂറിസം സ്ട്രാറ്റജി പ്രധാന ഫലങ്ങളില്‍ ഒന്ന്. ടൂറിസം മേഖലയില്‍ സംയുക്ത പ്രവര്‍ത്തനം ശക്തമാക്കാന്‍ ഏകീകൃത ടൂറിസം വിസയുമായി ബന്ധപ്പെട്ട നിയമനിര്‍മാണ ചട്ടക്കൂട്ട് തയാറാക്കാന്‍ സൗദി അറേബ്യ നേതൃത്വം നല്‍കുകയും ചെയ്തു.
ടൂറിസം മേഖലയില്‍ ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥാനം ശക്തമാക്കാന്‍ സഹായിക്കുന്ന മികച്ച പദ്ധതികള്‍ക്ക് രൂപംനല്‍കുന്നതിലുള്ള സൗദി അറേബ്യയുടെ മുന്‍നിര പങ്കാണ് ഏകീകൃത ഗള്‍ഫ് ടൂറിസം വിസാ പ്രഖ്യാപനം സ്ഥിരീകരിക്കുന്നത്. ഒറ്റ വിസയില്‍ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ വിദേശ ടൂറിസ്റ്റുകള്‍ക്ക് അവസരമൊരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് ചൊവ്വാഴ്ച ദോഹയില്‍ ചേര്‍ന്ന 44-ാമത് ഗള്‍ഫ് ഉച്ചകോടിയാണ് അംഗീകാരം നല്‍കി. ഏകീകൃത ടൂറിസ്റ്റ് വിസയുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രിമാരുടെ കമ്മിറ്റി നടത്തുന്ന ശ്രമങ്ങളെ ഉച്ചകോടി സ്വാഗതം ചെയ്തതായി ഉച്ചകോടി സമാപന പ്രഖ്യാപനം പറഞ്ഞു. ഇക്കാര്യത്തില്‍ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ അംഗീകരിച്ച ഉച്ചകോടി ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസ നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രിമാരെ ചുമതലപ്പെടുത്തി.
ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസാ പദ്ധതി അംഗീകരിച്ചതിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സൗദി ടൂറിസം മന്ത്രി അഹ്മദ് അല്‍ഖത്തീബ് നന്ദി പറഞ്ഞു. ടൂറിസം മേഖലയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ സഹകരണം ശക്തമാക്കാനുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന ചരിത്രപരമായ ചുവടുവെപ്പാണ് ഏകീകൃത ടൂറിസ്റ്റ് വിസാ അംഗീകാരം. ആഗോള തലത്തില്‍ ഏറ്റവും സവിശേഷമായ ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥാനം ഏകീകൃത വിസ ശക്തമാക്കും. വ്യത്യസ്ത മേഖലകളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സാക്ഷ്യം വഹിക്കുന്ന പുരോഗതിയുമായും വികസനവുമായും അഭിവൃദ്ധിയുമായും ഇത് പൊരുത്തപ്പെട്ടുപോകുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ ബന്ധവും സംയോജനവും ശക്തമാക്കുന്നതില്‍ ഏകീകൃത വിസക്ക് ഫലപ്രദമായ സ്വാധീനമുണ്ടാകും.