നെടുമ്പാശ്ശേരി : യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലും 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 2024 മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്കായി 2023 ഡിസംബര്‍ 3 വരെ നടത്തുന്ന നേരിട്ടുള്ള ബുക്കിംഗുകള്‍ക്കാണ് ഇളവ് ലഭിക്കുക. എയര്‍ലൈനിന്റെ മൊബൈല്‍ ആപ്പിലും airindiaexpress.com എന്ന വെബ്‌സൈറ്റിലും ലോഗിന്‍ ചെയ്ത് ബുക്ക് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് യാത്രാസമയത്ത് കോംപ്ലിമെന്ററി ഫ്രഷ് ഫ്രൂട്ട് പ്ലാറ്ററും ലഭിക്കും.
ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്ക് മാത്രം ആഴ്ചയില്‍ 195 സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നുണ്ട്. ദുബായിലേക്ക് 80 സര്‍വീസുകളും ഷാര്‍ജയിലേക്ക് 77 സര്‍വീസുകളും അബുദാബിയിലേക്ക് 31 സര്‍വീസുകളും ആഴ്ചയിലുണ്ട്. കൂടാതെ യു.എ.ഇയിലെ മറ്റ് ലക്ഷ്യസ്ഥാനങ്ങളായ അല്‍ ഐനിലേക്ക് 2 സര്‍വീസുകളും റാസല്‍ഖൈമയിലേക്ക് 5 സര്‍വീസുകളും ആഴ്ചയില്‍ ഉണ്ട്.
യു.എ.ഇ ദേശീയ ദിനം ആഘോഷിക്കുന്ന അവസരത്തില്‍, യു.എ.ഇയെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന വിപുലമായ ശൃംഖലയിലൂടെ ഈ മേഖലയോടുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സമര്‍പ്പണം വീണ്ടും ഉറപ്പിക്കുകയാണെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്റര്‍നാഷണല്‍ ബിസിനസ് വൈസ് പ്രസിഡന്റ് താര നായിഡു പറഞ്ഞു. 18 വര്‍ഷം മുമ്പ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്ന് ഒരേസമയം ദുബായിലേക്ക് സര്‍വീസുകള്‍ ആരംഭിച്ചുകൊണ്ടാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രവര്‍ത്തനം ആരംഭിച്ചത് എന്നും അവര്‍ അനുസ്മരിച്ചു.
29 ബോയിംഗ് 737, 28 എയര്‍ബസ് എ320 എന്നിവയുള്‍പ്പെടെ 57 വിമാനങ്ങളുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് 30 ആഭ്യന്തര, 14 അന്താരാഷ്ട്ര ലക്ഷ്യ സ്ഥാനങ്ങളിലേക്കായി പ്രതിദിനം 300 ലധികം വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടുത്തിടെ നവീകരിച്ച ബ്രാന്‍ഡ് ഐഡന്റിറ്റി അനാവരണം ചെയ്തിരുന്നു. വൈവിധ്യമാര്‍ന്ന ഭക്ഷണം, സുഖപ്രദമായ ഇരിപ്പിടങ്ങള്‍, എയര്‍ഫ്‌ളിക്‌സ് ഇന്‍ഫ്‌ലൈറ്റ് എക്‌സ്പീരിയന്‍സ് ഹബ്, എക്‌സ്‌ക്ലൂസീവ് ലോയല്‍റ്റി ആനുകൂല്യങ്ങള്‍ എന്നിവ എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നു.