മദീന : മധ്യപൗരസ്ത്യദേശത്തെ മുന്‍നിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് മദീന പ്രിന്‍സ് മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏറ്റവും പുതിയ ഓപ്പറേഷന്‍സ് സെന്റര്‍ തുറന്നു. ആദ്യ ഘട്ടത്തില്‍ മദീന ഓപ്പറേഷന്‍സ് സെന്ററില്‍ നിന്ന് ആറു പുതിയ ഡെസ്റ്റിനേഷനുകളിലേക്ക് ഫ്‌ളൈ നാസ് സര്‍വീസുകള്‍ക്ക് തുടക്കമിട്ടു. ദുബായ്, ഒമാന്‍, ഇസ്താംബൂള്‍, അങ്കാറ, അബഹ, തബൂക്ക് എന്നിവിടങ്ങളിലേക്കാണ് മദീനയില്‍ നിന്ന് ഫ്‌ളൈ നാസ് പുതുതായി സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത്. നേരത്തെ മുതല്‍ മദീനയില്‍ നിന്ന് റിയാദ്, ജിദ്ദ, ദമാം, കയ്‌റോ എന്നിവിടങ്ങളിലേക്ക് ഫ്‌ളൈ നാസ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. പുതിയ ഓപ്പറേഷന്‍സ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ മദീനയില്‍ നിന്ന് ഫ്‌ളൈ നാസ് സര്‍വീസുകളുള്ള ഡെസ്റ്റിനേഷനുകളുടെ എണ്ണം പത്തായി ഉയര്‍ന്നു. ഇതില്‍ അഞ്ചെണ്ണം അന്താരാഷ്ട്ര സര്‍വീസുകളും അഞ്ചെണ്ണം ആഭ്യന്തര സര്‍വീസുകളാണ്.
വളര്‍ച്ചാ, വികസന പദ്ധതികളുമായും പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാമുമായും ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് തന്ത്രവുമായും ഒത്തുപോകുന്ന നിലക്ക് മദീനയിലെ ഓപ്പറേഷന്‍സ് സെന്റര്‍ ഉദ്ഘാടനം ചെയ്തതോടെ സൗദിയില്‍ നാലു ഓപ്പറേഷന്‍സ് സെന്ററുകളുള്ള വിമാന കമ്പനിയായി ഫ്‌ളൈ നാസ് മാറി. 2030 ഓടെ സൗദിയില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസുകളുള്ള വിദേശ നഗരങ്ങളുടെ എണ്ണം 250 ആയും പ്രതിവര്‍ഷ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായും പ്രതിവര്‍ഷം രാജ്യത്തെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം പത്തു കോടിയായും ഉയര്‍ത്താന്‍ ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് തന്ത്രം ലക്ഷ്യമിടുന്നു.
വിദേശങ്ങളില്‍ നിന്നുള്ള ഹജ്, ഉംറ തീര്‍ഥാടകര്‍ അടക്കം യാത്രക്കാരില്‍ നിന്നുള്ള വര്‍ധിച്ച ആവശ്യം കണക്കിലെടുത്താണ് മദീന പ്രിന്‍സ് മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ഓപ്പറേഷന്‍സ് സെന്റര്‍ തുറന്നതെന്ന് ഫ്‌ളൈ നാസ് സി.ഇ.ഒയും എം.ഡിയുമായ ബന്ദര്‍ അല്‍മുഹന്ന പറഞ്ഞു. മദീനയില്‍ നിന്ന് വൈകാതെ കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ ഫ്‌ളൈ നാസ് ആരംഭിക്കും. മദീനയിലെ പുതിയ ഓപ്പറേഷന്‍സ് സെന്ററില്‍ നിന്ന് പത്തു ഡെസ്റ്റിനേഷനുകളിലേക്ക് സര്‍വീസുകള്‍ നടത്തുന്നത് വിമാനങ്ങളുടെ എണ്ണം വര്‍ധിച്ചതിന്റെ ഫലമായി ഫ്‌ളൈ നാസിന്റെ പ്രവര്‍ത്തനശേഷി ഇരട്ടിയായി ഉയര്‍ന്നതാണ് പ്രതിഫലിപ്പിക്കുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഫ്‌ളൈ നാസ് വിമാനങ്ങള്‍ ഇരട്ടിയിലേറെയായി ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷാദ്യം പ്രഖ്യാപിച്ച വളര്‍ച്ചാ, വികസന പദ്ധതിയുമായി ഇത് ഒത്തുപോകുന്നു. പദ്ധതിയുടെ ഭാഗമായി എയര്‍ബസ് എ 320 നിയോ ഇനത്തില്‍ പെട്ട 30 വിമാനങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞ ജൂണില്‍ എയര്‍ബസ് കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. എയര്‍ബസ് കമ്പനിയില്‍ നിന്ന് 120 വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറിന്റെ ഭാഗമാണിത്. പുതിയ വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ 250 വിമാനമായി ഉയര്‍ത്താന്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ടെന്നും ബന്ദര്‍ അല്‍മുഹന്ന പറഞ്ഞു.
നിലവില്‍ 70 ലേറെ ആഭ്യന്തര, അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്ക് പ്രതിവാരം 1,500 ലേറെ സര്‍വീസുകള്‍ ഫ്‌ളൈ നാസ് നടത്തുന്നു. 2007 ല്‍ സര്‍വീസ് ആരംഭിച്ച ശേഷം ഫ്‌ളൈ നാസ് വിമാന സര്‍വീസുകളില്‍ ആറു കോടിയിലേറെ പേര്‍ യാത്ര ചെയ്തിട്ടുണ്ട്. വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്കനുസൃതമായി 2030 ഓടെ 165 ആഭ്യന്തര, അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്ക് സര്‍വീസ് നടത്താന്‍ ഫ്‌ളൈ നാസ് ലക്ഷ്യമിടുന്നു