അബുദാബി : യു.എ.ഇയില്‍ സ്വദേശിവല്‍കരണം പൂര്‍ത്തിയാക്കാന്‍ വ്യാജ നിയമനങ്ങള്‍ നടത്തിയ 894 കമ്പനികള്‍ക്ക് വന്‍തുക പിഴശിക്ഷ. ഒരു ലക്ഷം ദിര്‍ഹംവരെയാണ് കമ്പനികള്‍ക്ക് പിഴ വിധിച്ചത്.
2022 പകുതി മുതലുള്ള കലായളവിലാണ് എമിറേറ്റൈസേഷന്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഇത്രയും സ്വകാര്യ കമ്പനികള്‍ക്ക് പിഴ ചുമത്തിയതെന്ന് യുഎഇ ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം വെളിപ്പെടുത്തി.
1,267 യു.എ.ഇ പൗരന്മാരെയാണ് വ്യാജ തസ്തികകളില്‍ നിയമിച്ചതെന്ന് മന്ത്രാലയം വെളിപ്പെടുത്തി. അതേസമയം, രാജ്യത്തെ 95 ശതമാനം സ്വകാര്യ കമ്പനികളും സ്വദേശിവല്‍കരണ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നുംകണ്ടെത്തി.
നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്കെതിരെ 20,000 ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തിയിട്ടുണ്ട്. നിയമലംഘനത്തിന്റെ തോതനുസരിച്ചാണ് പിഴ. ചില കേസുകള്‍
പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
വ്യാജ നിയമന കേസുകളില്‍ ഉള്‍പ്പെട്ട സ്വദേശികളുടെ നാഫിസ് ആനുകൂല്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും മുമ്പ് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
ഒരു സ്ഥാപനത്തിന്റെ സ്വദേശിവല്‍ക്കരണ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാന്‍ യഥാര്‍ത്ഥ ചുമതലകളോ ഉത്തരവാദിത്തങ്ങളോ ഇല്ലാതെ യുഎഇ പൗരനെ നിയമിക്കുന്നതാണ് വ്യാജ നിയമനം. സ്വദേശിയെ അതേ സ്ഥാപനത്തില്‍ വീണ്ടും നിയമിക്കുന്ന സംഭവങ്ങളും വ്യാജനിയമനത്തില്‍ ഉള്‍പ്പെടും.
സ്വകാര്യ മേഖലയിലെ കമ്പനികള്‍ ഡിസംബര്‍ 31നകം സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ കൈവരിക്കണമെന്ന് മന്ത്രാലയം നേരത്തെ ഓര്‍മ്മിപ്പിച്ചിരുന്നു.