ജിദ്ദ : ഈ വർഷം ആദ്യത്തെ പത്തു മാസത്തിനിടെ സൗദിയിൽ പ്രവർത്തിക്കുന്ന ബാങ്കുകളുടെ ലാഭത്തിൽ 12.5 ശതമാനം വളർച്ച രേഖപ്പെടുത്തി. ജനുവരി മുതൽ ഒക്ടോബർ അവസാനം വരെയുള്ള കാലത്ത് സൗദി ബാങ്കുകൾ 64.5 ബില്യൺ റിയാലാണ് ലാഭം കൈവരിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 57.3 ബില്യൺ റിയാലായിരുന്നു. ഈ വർഷം ബാങ്കുകൾ കൈവരിച്ച ലാഭം സർവകാല റെക്കോർഡ് ആണ്. ഒക്ടോബറിൽ ബാങ്കുകളുടെ ലാഭം 2.4 ശതമാനം തോതിൽ വർധിച്ച് 6.2 ബില്യൺ റിയാലായി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ബാങ്കുകളുടെ ലാഭം 6.1 ബില്യൺ റിയാലായിരുന്നു. പത്തു സൗദി ബാങ്കുകളും രാജ്യത്ത് പ്രവർത്തിക്കുന്ന പതിനാലു വിദേശ ബാങ്കുകളുടെ ശാഖകളും ആകെ കൈവരിച്ച ലാഭത്തിന്റെ കണക്കാണിത്.
1993 മുതൽ ഇതുവരെയുള്ള കാലത്ത് ബാങ്കുകൾ ഏറ്റവുമധികം ലാഭം നേടിയത് ഇക്കഴിഞ്ഞ മാർച്ചിലാണ്. മാർച്ചിൽ ബാങ്കുകൾ 7.4 ബില്യൺ റിയാൽ ലാഭം കൈവരിച്ചു. മുപ്പതു വർഷത്തിനിടെ ഏഴു മാസങ്ങളിൽ മാത്രമാണ് ബാങ്കുകൾ നഷ്ടം രേഖപ്പെടുത്തിയത്. കഴിഞ്ഞ കൊല്ലം രാജ്യത്തെ ബാങ്കുകളുടെ ലാഭം 29 ശതമാനം തോതിൽ വർധിച്ച് 69.3 ബില്യൺ റിയാലായിരുന്നു. 2021 ൽ ഇത് 53.9 ബില്യൺ റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ബാങ്കുകൾ 15.4 ബില്യൺ റിയാൽ അധിക ലാഭം കൈവരിച്ചു.
പണപ്പെരുപ്പം നിയന്ത്രിക്കാൻ ശ്രമിച്ച് അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉയർത്തിയ പാത പിന്തുടർന്ന് സൗദി ബാങ്കുകളും വായ്പാ നിരക്കുകൾ ഉയർത്തിയത് മികച്ച പ്രവർത്തന ലാഭം കൈവരിക്കാൻ ബാങ്കുകളെ സഹായിച്ചു. സൗദി റിയാലിനെയും അമേരിക്കൻ ഡോളറിനെയും സ്ഥിരവിനിമയ നിരക്കിൽ ബന്ധിപ്പിച്ചതിനാൽ വായ്പാ നയങ്ങളിൽ അമേരിക്കൻ ഫെഡറൽ റിസർവിനെ പിന്തുടരുകയാണ് സൗദി സെൻട്രൽ ബാങ്ക് ചെയ്യുന്നത്.