ജിദ്ദ : ഗാസക്കെതിരായ ഇസ്രായിലിന്റെ ആക്രമണം അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വാസ്യതക്ക് കനത്ത ആഘാതമേൽപിക്കുകയും മാനവരാശിക്ക് ആഴത്തിലുള്ള മുറിവുണ്ടാക്കുകയും ചെയ്തതായി സൗദി അറേബ്യ വ്യക്തമാക്കി. ഹേഗിൽ രാസായുധ നിരോധന കരാറിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ 28-ാമത് സമ്മേളനത്തിൽ പങ്കെടുത്ത് നെതർലാൻഡ്സിലെ സൗദി അംബാസഡറും രാസായുധ നിരോധന സംഘടനയിലെ സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധിയുമായ സിയാദ് അൽഅതിയ്യയാണ് ഇക്കാര്യം പറഞ്ഞത്. ഇസ്രായിലിന്റെ ഗാസ ആക്രമണത്തെ സൗദി അറേബ്യ കടുത്ത ഭാഷയിൽ അപലപിക്കുന്നു. ഗാസ ആക്രമണം അന്താരാഷ്ട്ര സംവിധാനത്തിന്റെ സത്തയെയും അതിന്റെ നിയമപരമായ അടിത്തറയെയും നഗ്നമായി ലംഘിക്കുന്നു.
ഇത് അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വാസ്യതക്ക് കനത്ത ആഘാതമേൽപിക്കുകയും മാനവരാശിക്ക് ആഴത്തിലുള്ള മുറിവ് സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് അടിയന്തര വെടിനിർത്തലും മാനുഷിക ദുരന്തം പരിഹരിക്കാൻ നടപടികളെടുക്കേണ്ടതും അനിവാര്യമാക്കുന്നു. രാസായുധ നിരോധന കരാർ നടപ്പാക്കുന്നതിന്റെ സമഗ്രത തകർക്കാൻ ഒരു രാജ്യത്തെയും അനുവദിക്കരുത്. രാസായുധ നിരോധന കരാർ ഒപ്പുവെച്ച രാജ്യമാണ് ഗാസക്കെതിരെ ആക്രമണം നടത്തുന്നത്. കരാറിൽ ചേരാതെ ഒപ്പിന് പിന്നിൽ ഒളിക്കാൻ ഇസ്രായിലിന് അവകാശമില്ല. കരാർ ലംഘനത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഇത് ഇസ്രായിലിനെ ഒഴിവാക്കുന്നില്ല. കരാറിന്റെ ലക്ഷ്യവും ഉദ്ദേശ്യവും പരാജയപ്പെടുത്താതിരിക്കാനുള്ള കടമ ഇസ്രായിലിനുണ്ട്. ദീർഘകാലത്തേക്ക് കരാറിൽ ചേരാതെ കരാറിൽ ഒപ്പിടുന്ന സമീപനം കരാറിന്റെ സാർവത്രികത എന്ന തത്വത്തെ അട്ടിമറിക്കുമെന്നതിൽ സംശയമില്ല. ഗാസക്കെതിരെ ആണവായുധം ഉപയോഗിക്കുമെന്ന ഇസ്രായിലിന്റെ ഭീഷണി അന്താരാഷ്ട്ര സമൂഹത്തിന് ഒരു തരത്തിലും അംഗീകരിക്കാനാവില്ല.
ഗാസയിൽനിന്ന് ഫലസ്തീനികളെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കാനുള്ള ആഹ്വാനങ്ങളെ സൗദി അറേബ്യ പൂർണമായും നിരാകരിക്കുന്നു. ഗാസയിൽ നിരായുധരായ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുന്നതിനെ സൗദി അറേബ്യ അപലപിക്കുന്നു. ഗാസയിൽ ഉപരോധത്തിൽ കഴിയുന്ന സാധാരണക്കാർക്ക് റിലീഫ് വസ്തുക്കൾ എത്തിക്കാനുള്ള ലോക രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും ആഹ്വാനങ്ങൾ നിറവേറ്റുന്നതിന് ഗാസയിൽ സുരക്ഷിത ഇടനാഴികൾ ഉടനടി തുറക്കണം.
വിനാശകരമായ മുഴുവൻ ആയുധങ്ങളും നിരോധിക്കാനും അവയുടെ വ്യാപനം തടയാനും അന്താരാഷ്ട്ര സഹകരണം ശക്തമാക്കുന്നതിൽ സൗദി അറേബ്യക്ക് ഉറച്ച നിലപാടാണ്. വിനാശകരമായ ആയുധങ്ങളിൽ നിന്ന് മധ്യപൗരസ്ത്യദേശത്തെ മുക്തമാക്കണമെന്നും സിയാദ് അൽഅതിയ്യ ആവശ്യപ്പെട്ടു.