അറാർ – സൗദിയിലെ ധാതുസമ്പത്തിന്റെ നാലിലൊന്നും ഉത്തര അതിർത്തി പ്രവിശ്യയിലാണെന്ന് ഡെപ്യൂട്ടി വ്യവസായ, ധാതുവിഭവ മന്ത്രി എൻജിനീയർ ഖാലിദ് അൽമുദൈഫിർ. ഉത്തര അതിർത്തി പ്രവിശ്യ നിക്ഷേപ ഫോറത്തിൽ സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി വ്യവസായ, ധാതുവിഭവ മന്ത്രി. ലോകത്തെ ആകെ ഫോസ്ഫേറ്റ് ശേഖരത്തിന്റെ ഏഴു ശതമാനവും ഉത്തര അതിർത്തി പ്രവിശ്യയിലാണ്. ഉത്തര അതിർത്തി പ്രവിശ്യയിൽ 1.2 ട്രില്യൺ റിയാലിന്റെ ധാതുസമ്പത്തുണ്ട്.
ഖനന മേഖലക്ക് പിന്തുണ നൽകാൻ സൗദി അറേബ്യ 120 ബില്യണിലേറെ റിയാലിന്റെ പശ്ചാത്തല പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. 80 ബില്യൺ റിലാൽ മൂല്യം കണക്കാക്കുന്ന ഫോസ്ഫേറ്റ് 4, ഫോസ്ഫേറ്റ് 5 പദ്ധതികൾ നടപ്പാക്കുന്നതിനെ കുറിച്ച് പഠിച്ചുവരികയാണ്. പത്തു വർഷത്തിനുള്ളിൽ ഫോസ്ഫേറ്റ് വ്യവസായ മേഖലയിലെ സർക്കാർ, സ്വകാര്യ നിക്ഷേപങ്ങൾ 220 ബില്യൺ റിയാലായി ഉയർത്താൻ പദ്ധതിയുണ്ട്. ഫോസ്ഫേറ്റ് വ്യവസായ മേഖലയിൽ 120 ബില്യൺ റിയാലിന്റെ നിക്ഷേപങ്ങൾ ഇതിനകം നടത്തിയിട്ടുണ്ട്. ഫോസ്ഫേറ്റ് 3 പദ്ധതിയിൽ 30 ബില്യൺ റിയാലിന്റെ നിക്ഷേപങ്ങളും നടത്തിയിട്ടുണ്ട്. ഫോസ്ഫേറ്റ് മേഖലയിൽ ആധുനിക വ്യവസായം കെട്ടിപ്പടുക്കാനുള്ള അടിസ്ഥാനം ഉത്തര അതിർത്തി പ്രവിശ്യയിലെ ഫാക്ടറികളായിരിക്കും.
ലോകത്ത് ഫോസ്ഫേറ്റ് രാസവളം ഏറ്റവുമധികം കയറ്റി അയക്കുന്ന രണ്ടാമത്തെ രാജ്യമായി സൗദി അറേബ്യയെ മാറ്റാൻ വൻതോതിലുള്ള നിക്ഷേപങ്ങളിലൂടെ ലക്ഷ്യമിടുന്നു. കന്നുകാലികൾക്കുള്ള പോഷകങ്ങൾ, ഇലക്ട്രിക് കാർ ബാറ്ററികളും മരുന്നുകളും നിർമിക്കാൻ ഉപയോഗിക്കുന്ന ഫോസ്ഫറസ് പോലെ ഫോസ്ഫേറ്റ് വ്യവസായവുമായി ബന്ധപ്പെട്ട മറ്റു മേഖലകൾ ശക്തിപ്പെടുത്താനും ഇതിലൂടെ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.
33 ബില്യൺ റിയാൽ നിക്ഷേപങ്ങളോടെ പുതിയ ഫോസ്ഫേറ്റ് പദ്ധതി നടപ്പാക്കാൻ ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. ഇതോടെ സൗദി അറേബ്യയുടെ ഫോസ്ഫേറ്റ് ഉൽപാദനം ഇരട്ടിയായി ഉയരുകയും ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഫോസ്ഫേറ്റ് ഉൽപാദകരായി രാജ്യം മാറുകയും ചെയ്യും. ഫോസ്ഫേറ്റുകൾ രാസവളമാക്കി മാറ്റുക മാത്രമല്ല, മറിച്ച് അഡ്വാൻസ്ഡ് കെമിക്കൽ ഉൽപന്നങ്ങളാക്കി അവ മാറ്റുമെന്നും നിക്ഷേപ മന്ത്രി പറഞ്ഞു.