റിയാദ് : ഈജിപ്തില്‍ മാത്രമല്ല സൗദി അറേബ്യയിലും പരുത്തികൃഷി വിജയകരമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും ഗവേഷകനുമായ നാസര്‍ അല്‍ശദ്‌വി. സൗദിയിലെ പ്രധാന കാര്‍ഷിക മേഖലകളിലൊന്നായ അല്‍ബാഹയിലെ മഖവ ജില്ലയിലെ ശദാ മലയിലാണ് പരുത്തി കൃഷി വിജയകരമായി പരീക്ഷിച്ചത്. മണ്ണിന്റെ ഫലഭൂയിഷ്ഠതയും ഭൂഗര്‍ഭ ജലത്തിന്റെ സമൃദ്ധിയും കാരണം അല്‍ബാഹ സൗദിയിലെ കാര്‍ഷിക പ്രവിശ്യയായാണ് അറിയപ്പെടുന്നത്.
ഈജിപ്തില്‍ മാത്രമേ പരുത്തികൃഷി വിജയിക്കുകയുള്ളൂവെന്ന് ചിലര്‍ വിശ്വസിക്കുന്നു. എന്നാല്‍ സൗദിയുടെ തെക്ക് ഭാഗത്തെ ചില മലകളില്‍ പരുത്തികൃഷിക്ക് അനുയോജ്യമായ മണ്ണാണുള്ളത്. ശദാ മലയില്‍ ഒരു കാലത്ത് പരുത്തി കൃഷിയുണ്ടായിരുന്നുവെന്നും വീടിന് മുന്നിലെ കൃഷി ഭൂമിയില്‍ ധാരാളം നട്ടുപിടിപ്പിച്ചിരുന്നുവെന്നും ശേഷം അത് നൂല്‍ക്കാറുണ്ടായിരുന്നുവെന്നും തന്റെ മുത്തശ്ശി പിതാവിനോട് പറയുന്നത് താന്‍ കേട്ടിരുന്നുവെന്നും അതാണ് ഈ പരീക്ഷണത്തിന് ഹേതുവായതെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റ് കാര്‍ഷിക വിളകളേക്കാള്‍ കൂടുതല്‍ ജലസേചനമോ പ്രത്യേക പരിചരണമോ ആവശ്യമില്ല. പരുത്തി ചെടിയുടെ ഉയരം നാലു മീറ്റര്‍ ഉയരത്തിലെത്തുമെന്നും വര്‍ഷം മുഴുവനും ഉത്പാദിപ്പിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ചിലയിനം പരുത്തി ചെറിയ ചെടിയായിരിക്കും. അത് കൂടുതല്‍ നീണ്ടുവളരില്ല. അല്‍ഉഥബ് എന്ന് പറയപ്പെടുന്ന ഇവ തെക്ക് ഭാഗത്തെ ചില മലകളില്‍ വളരുന്നുണ്ട്. ഏത് കാലാവസ്ഥയോടും ഇണങ്ങുമെന്നതാണ് പരുത്തിച്ചെടിയുടെ പ്രത്യേകത.
അല്‍ബാഹയിലെ കാര്‍ഷിക വകുപ്പിന്റെ പൂര്‍ണപിന്തുണയും കൃഷിക്കുണ്ടായിരുന്നു. ഇത് ഇവിടുത്തെ കൃഷിക്ക് വലിയ സഹായകമാണ്. വിവിധയിനം പഴങ്ങളും പച്ചക്കറികളുമടക്കമുള്ള കാര്‍ഷിക വിളകള്‍ ധാരാളമുള്ള പ്രദേശമാണ് അല്‍ബാഹ.