ജിദ്ദ : ഗൾഫിലെ പ്രധാന ബാങ്കുകളിൽ ഒരു വർഷത്തിനിടെ ഉപയോക്താക്കളുടെ നിക്ഷേപങ്ങളിൽ എട്ടു ശതമാനം വർധന. മൂന്നാം പാദാവസാനത്തെ കണക്കുകൾ പ്രകാരം ഗൾഫിലെ ഏറ്റവും വലിയ പത്തു ബാങ്കുകളിൽ ഡെപ്പോസിറ്റുകൾ 1.27 ട്രില്യൺ ഡോളറായി ഉയർന്നു. കഴിഞ്ഞ കൊല്ലം മൂന്നാം പാദത്തിൽ ഇത് 1.17 ട്രില്യൺ റിയാലായിരുന്നു. ഒരു വർഷത്തിനിടെ 96.5 ബില്യൺ ഡോളറിന്റെ വളർച്ച.
പണപ്പെരുപ്പം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ ഫെഡറൽ റിസർവ് വായ്പാ നിരക്കുകൾ 5.5 ശതമാനമായി ഉയർത്തിയതാണ് ഗൾഫ് ബാങ്കുകളിൽ നിക്ഷേപം ഉയരാൻ ഇടയാക്കിയത്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ അമേരിക്കൻ ഫെഡറൽ റിസർവ് വായ്പാ നിരക്കുകൾ 2.75 ശതമാനമായിരുന്നു.
അമേരിക്കൻ ഡോളറിനെയും ഗൾഫ് കറൻസികളെയും സ്ഥിരവിനിമിയ നിരക്കിൽ ബന്ധിപ്പിച്ചതിനാൽ വായ്പാ നിരക്കുകളിൽ അമേരിക്കൻ ഫെഡറൽ റിസർവിന്റെ പാത പിന്തുടരുകയാണ് ഗൾഫ് സെൻട്രൽ ബാങ്കുകൾ ചെയ്യുന്നത്. കുവൈത്ത് ഒഴികെയുള്ള അഞ്ചു ഗൾഫ് രാജ്യങ്ങളുടെയും കറൻസികളെ അമേരിക്കൻ ഡോളറുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. കുവൈത്ത് ദീനാറിനെ ഡോളർ അടക്കം ഒരുകൂട്ടം കറൻസികളുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
ഗൾഫിൽ ഉപയോക്താക്കൾ ഏറ്റവുമധികം നിക്ഷേപം നടത്തിയ പത്തു ബാങ്കുകളിൽ നാലെണ്ണം സൗദി ബാങ്കുകളാണ്. സൗദി നാഷനൽ ബാങ്ക്, അൽറാജ്ഹി ബാങ്ക്, അൽറിയാദ് ബാങ്ക്, അൽഅവ്വൽ ബാങ്ക് എന്നിവയിൽ ആകെ 446.2 ബില്യൺ ഡോളറിന്റെ നിക്ഷേപമുണ്ട്. ഗൾഫിലെ മുൻനിരയിലുള്ള പത്തു ബാങ്കുകളിലെ ആകെ നിക്ഷേപത്തിൽ 35 ശതമാനം സൗദി ബാങ്കുകളുടെ വിഹിതമാണ്. മൂന്നു യു.എ.ഇ ബാങ്കുകളിൽ 458.7 ബില്യൺ ഡോളറിന്റെയും രണ്ടു കുവൈത്തി ബാങ്കുകളിൽ 136.3 ബില്യൺ ഡോളറിന്റെയും ഒരു ഖത്തർ ബാങ്കിൽ 227.4 ബില്യൺ ഡോളറിന്റെയും നിക്ഷേപമുണ്ട്.
ഗൾഫിൽ ഏറ്റവുമധികം നിക്ഷേപമുള്ള ബാങ്ക് ഖത്തർ നാഷനൽ ബാങ്ക് ആണ്- 227.4 ബില്യൺ ഡോളർ. ഒരു വർഷത്തിനിടെ ക്യു.എൻ.ബിയിലെ നിക്ഷേപം നാലു ശതമാനം വർധിച്ചു. രണ്ടാം സ്ഥാനത്തുള്ള ഫസ്റ്റ് അബുദാബി ബാങ്കിൽ 213.8 ബില്യൺ ഡോളറിന്റെ നിക്ഷേപമാണുള്ളത്. ഒരു വർഷത്തിനിടെ നിക്ഷേപം അഞ്ചു ശതമാനം വർധിച്ചു. മൂന്നാം സ്ഥാനത്തുള്ള സൗദി നാഷനൽ ബാങ്കിൽ 166.6 ബില്യൺ ഡോളറിന്റെ നിക്ഷേപമുണ്ട്. ഒരു വർഷത്തിനിടെ അഞ്ചു ശതമാനം വർധിച്ചു.
നാലാം സ്ഥാനത്തുള്ള എമിറേറ്റ്‌സ് എൻ.ബി.ഡിയിൽ 155.3 ബില്യൺ ഡോളറിന്റെ നിക്ഷേപമുണ്ട്. അഞ്ചാം സ്ഥാനത്തുള്ള അൽറാജ്ഹി ബാങ്കിൽ 150.9 ഉം ആറാം സ്ഥാനത്തുള്ള അബുദാബി കൊമേഴ്‌സ്യൽ ബാങ്കിൽ 89.7 ഉം ഏഴാം സ്ഥാനത്തുള്ള കുവൈത്ത് ഫിനാൻസ് ഹൗസിൽ 68.4 ഉം എട്ടാം സ്ഥാനത്തുള്ള അൽറിയാദ് ബാങ്കിൽ 67.9 ഉം ഒമ്പതാം സ്ഥാനത്തുള്ള നാഷണൽ ബാങ്ക് ഓഫ് കുവൈത്തിൽ 67.9 ഉം പത്താം സ്ഥാനത്തുള്ള സൗദിയിലെ അൽഅവ്വൽ ബാങ്കിൽ 60.8 ഉം ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങളുണ്ട്. എമിറേറ്റ്‌സ് എൻ.ബി.ഡിയിൽ 19 ഉം കുവൈത്ത് ഫിനാൻസ് ഹൗസിൽ 39 ശതമാനവും അൽറിയാദിൽ എട്ടും നാഷണൽ ബാങ്ക് ഓഫ് കുവൈത്തിൽ ഒമ്പതും സൗദി അൽഅവ്വൽ ബാങ്കിൽ 12 ഉം അൽറാജ്ഹി ബാങ്കിൽ രണ്ടും അബുദാബി കൊമേഴ്‌സ്യൽ ബാങ്കിൽ ഒമ്പതും ശതമാനം തോതിൽ ഒരു വർഷത്തിനിടെ നിക്ഷേപങ്ങൾ വർധിച്ചു.