റിയാദ് : ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ് സംഘടിപ്പിച്ച സൗദി, അൾജീരിയ ബിസിനസ് ഫോറത്തിൽ എട്ടു വാണിജ്യ, നിക്ഷേപ കരാറുകൾ ഒപ്പുവെച്ചു. ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സും അൾജീരിയൻ ഇക്കണോമിക് റിന്യൂവൽ കൗൺസിലും വാണിജ്യ, നിക്ഷേപ, ഐ.ടി, ടൂറിസം, സ്പെയർ പാർട്സ്, ലിഫ്റ്റ്, ബിസിനസ് ഇൻകുബേറ്ററുകൾ, ആക്സിലറേറ്ററുകൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഇരു രാജ്യങ്ങളിലെയും സ്വകാര്യ കമ്പനികളും തമ്മിലാണ് കരാറുകൾ ഒപ്പുവെച്ചത്.
അൾജീരിയയിൽ നേരത്തെ നിക്ഷേപകർ നേരിട്ടിരുന്ന മുഴുവൻ പ്രതിബന്ധങ്ങളും പുതിയ നിക്ഷേപ നിയമം ഇല്ലാതാക്കിയതായി അൾജീരിയൻ വാണിജ്യ മന്ത്രി അൽത്വയ്യിബ് സൈത്തൂനി പറഞ്ഞു. സൗദി, അൾജീരിയ വാർഷിക ഉഭയകക്ഷി വ്യാപാരം 83.7 കോടി ഡോളർ മാത്രമാണ്. ഇരു രാജ്യങ്ങളിലും ലഭ്യമായ നിക്ഷേപാവസരങ്ങളെയും വാണിജ്യ, നിക്ഷേപ സഹകരണം ശക്തമാക്കാനുള്ള ഭരണാധികാരികളുടെ മോഹങ്ങളെയും ഇത് പ്രതിഫലിപ്പിക്കുന്നില്ലെന്നും അൾജീരിയൻ വാണിജ്യ മന്ത്രി പറഞ്ഞു.
സൗദി, അൾജീരിയ സുപ്രീം കോ-ഓർഡിനേഷൻ കൗൺസിലും സൗദി, അൾജീരിയ കമ്മിറ്റിയും ജോയിന്റ് ബിസിനസ് കൗൺസിലും സ്ഥാപിച്ചത് ഇരു രാജ്യങ്ങളും തമ്മിൽ സാമ്പത്തിക, വാണിജ്യ, നിക്ഷേപ സഹകരണം ശക്തമാക്കാൻ സഹായിക്കുമെന്ന് ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ് വൈസ് പ്രസിഡന്റ് ബദ്ർ ബിൻ സുലൈമാൻ അൽറുസൈസാ പറഞ്ഞു. 2010 ൽ ആണ് സൗദിയിൽ ഒരു അൾജീരിയൻ കമ്പനിക്ക് ആദ്യമായി ലൈസൻസ് നൽകിയത്. നിലവിൽ 18 അൾജീരിയൻ കമ്പനികൾക്ക് സൗദിയിൽ ലൈസൻസുണ്ടെന്നും ബദ്ർ ബിൻ സുലൈമാൻ അൽറുസൈസാ പറഞ്ഞു. മാനവശേഷി, കുറഞ്ഞ ഊർജ നിരക്ക്, മികച്ച പശ്ചാത്തല സൗകര്യങ്ങൾ, നികുതി ഇളവുകൾ എന്നിവ അൾജീരിയയിൽ നിക്ഷേപങ്ങൾ നടത്തുന്നവർക്ക് പ്രോത്സാഹനങ്ങളാണെന്ന് അൾജീരിയൻ ഇക്കണോമിക് റിന്യൂവൽ കൗൺസിൽ പ്രസിഡന്റ് കമാൽ മൗല പറഞ്ഞു.