ജിദ്ദ : ഈ കൊല്ലം ആദ്യത്തെ ഒമ്പതു മാസത്തിനിടെ സൗദി അറേബ്യയുടെ വിദേശ വ്യാപാരം 1.5 ട്രില്യൺ റിയാലായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിദേശ വ്യാപാരം 1.7 ട്രില്യൺ റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ കൊല്ലം വിദേശ വ്യാപാരം 12.5 ശതമാനം തോതിൽ കുറഞ്ഞു. ജനുവരി മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള കാലത്ത് കയറ്റുമതി 24 ശതമാനം തോതിൽ കുറഞ്ഞ് 910 ബില്യൺ റിയാലായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കയറ്റുമതി 1.2 ട്രില്യൺ റിയാലായിരുന്നു. എണ്ണ കയറ്റുമതി 26 ശതമാനം തോതിൽ കുറഞ്ഞത് ആകെ കയറ്റുമതിയെ ബാധിക്കുകയായിരുന്നു.
ഒമ്പതു മാസത്തിനിടെ 704.6 ബില്യൺ റിയാലിന്റെ എണ്ണയാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിൽ എണ്ണ കയറ്റുമതി 950.2 ബില്യൺ റിയാലായിരുന്നു. ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞതും ഒപെക് പ്ലസ് കരാറിന്റെ ഭാഗമായി സൗദി അറേബ്യ എണ്ണയുൽപാദനം കുറച്ചതും എണ്ണ കയറ്റുമതി വരുമാനത്തെ ബാധിച്ചു.
ഒമ്പതു മാസത്തിനിടെ ഇറക്കുമതി 14 ശതമാനം തോതിൽ വർധിച്ച് 586.6 ബില്യൺ റിയാലായി. 2022 ജനുവരി മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള കാലത്ത് 516.1 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഈ വർഷം ആദ്യത്തെ ഒമ്പതു മാസക്കാലത്ത് വാണിജ്യ മിച്ചം 52 ശതമാനം തോതിൽ കുറഞ്ഞു. 323.4 ബില്യൺ റിയാലിന്റെ വാണിജ്യ മിച്ചമാണ് ഈ കൊല്ലം കൈവരിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വാണിജ്യ മിച്ചം 668 ബില്യൺ റിയാലായിരുന്നു. സെപ്റ്റംബറിൽ 43.7 ബില്യൺ റിയാൽ വാണിജ്യ മിച്ചം നേടി. തുടർച്ചയായി 39-ാം മാസമാണ് വാണിജ്യ മിച്ചം കൈവരിക്കുന്നത്. സെപ്റ്റംബറിൽ നേടിയ വാണിജ്യ മിച്ചം അഞ്ചു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വാണിജ്യ മിച്ചമാണ്.
കഴിഞ്ഞ കൊല്ലം വിദേശ വ്യാപാരം 40 ശതമാനം തോതിൽ വർധിച്ച് 2.25 ട്രില്യൺ റിയാലായിരുന്നു. 2021 ൽ ഇത് 1.61 ട്രില്യൺ റിയാലായിരുന്നു. എണ്ണ കയറ്റുമതി 61 ശതമാനം തോതിൽ വർധിച്ചത് ആകെ വ്യാപാരത്തിൽ പ്രതിഫലിച്ചു. കഴിഞ്ഞ കൊല്ലം 1.22 ട്രില്യൺ റിയാലിന്റെ എണ്ണയാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. 2021 ൽ എണ്ണ കയറ്റുമതി വരുമാനം 758.1 ബില്യൺ റിയാലായിരുന്നു. ആഗോള വിപണിയിൽ എണ്ണ വില ഉയർന്നതും സൗദി അറേബ്യയുടെ ഉൽപാദനം വർധിച്ചതും എണ്ണ കയറ്റുമതി വരുമാനം വലിയ തോതിൽ ഉയരാൻ സഹായിച്ചു.
കഴിഞ്ഞ വർഷം കയറ്റുമതി 49 ശതമാനം തോതിൽ ഉയർന്ന് 1.54 ട്രില്യൺ റിയാലായി. ഇത് സർവകാല റെക്കോർഡ് ആണ്. 2021 ൽ കയറ്റുമതി 1.04 ട്രില്യൺ റിയാലായിരുന്നു. കഴിഞ്ഞ കൊല്ലം വാണിജ്യ മിച്ചം 80 ശതമാനം തോതിൽ വർധിച്ച് 832.8 ബില്യൺ റിയാലായി. തൊട്ടു മുൻ വർഷം ഇത് 462.5 ബില്യൺ റിയാലായിരുന്നു. 2011 നു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വാണിജ്യ മിച്ചമായിരുന്നു കഴിഞ്ഞ വർഷത്തെത്. 2011 ൽ 874.1 ബില്യൺ റിയാലിന്റെ വാണിജ്യ മിച്ചം നേടിയിരുന്നു.
കഴിഞ്ഞ കൊല്ലം ഇറക്കുമതി 23 ശതമാനം തോതിലും വർധിച്ചു. വിദേശ രാജ്യങ്ങളിൽ നിന്ന് 706.3 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങളാണ് കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തത്. 2021 ൽ ഇറക്കുമതി 573.2 ബില്യൺ റിയാലായിരുന്നു.