ദമാം : ദമാം കിംഗ് അബ്ദുൽ അസീസ് തുറമുഖം വഴി 2,800 ലേറെ വിദേശ വിനോദ സഞ്ചാരികൾ സൗദിയിൽ പ്രവേശിച്ചു. മെയ്ൻ ഷിഫ് 2 എന്ന് പേരുള്ള ടൂറിസ്റ്റ് കപ്പലിൽ അബുദാബിയിൽ നിന്ന് ദോഹയിലേക്കുള്ള യാത്രക്കിടെയാണ് സംഘം ദമാമിലെത്തിയത്. സിൽവർ സ്പിരിറ്റ് എന്ന് പേരുള്ള മറ്റൊരു ടൂറിസ്റ്റ് കപ്പൽ കഴിഞ്ഞ തിങ്കളാഴ്ച ദമാം തുറമുഖത്ത് സ്വീകരിച്ചിരുന്നു. ഈ കപ്പലിൽ 400 വിനോദ സഞ്ചാരികളാണുണ്ടായിരുന്നത്. മനാമയിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്രക്കിടെയാണ് സിൽവർ സ്പിരിറ്റ് ദമാം തുറമുഖത്തെത്തിയത്. വിനോദ സഞ്ചാര വ്യവസായ മേഖലയുടെ വളർച്ചക്ക് സൗദി പോർട്ട്‌സ് അതോറിറ്റി തുടരുന്ന ശ്രമങ്ങളുടെ ഭാഗമായി കൂടിയാണ് ടൂറിസ്റ്റ് കപ്പലുകൾ തുറമുഖങ്ങളിൽ സ്വീകരിക്കുന്നത്.