ജിദ്ദ : കാലാവധി തീർന്ന ഉൽപന്നങ്ങൾ സൂക്ഷിക്കുകയും വിൽപനക്ക് പ്രദർശിപ്പിക്കുകയും ചെയ്ത കേസിൽ റാബിഗിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനും സ്ഥാപന നടത്തിപ്പ് ചുമതല വഹിക്കുന്ന സൗദി പൗരനും യെമനിക്കും ജിദ്ദ ക്രിമിനൽ കോടതി പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. റാബിഗിൽ പ്രവർത്തിക്കുന്ന അത്താർ ശിഫാ റാബിഗ് ട്രേഡിംഗ് എന്ന പേരിലുള്ള സ്ഥാപനത്തിനും സ്ഥാപന നടത്തിപ്പ് ചുമതല വഹിക്കുന്ന സൗദി പൗരൻ ആദിൽ ബിൻ ഹാമിദ് ബിൻ അൽഹുസൈൻ ആലുഅലിക്കും യെമനി പൗരൻ അബ്ദുൽഖാദിർ മുഹമ്മദിനുമാണ് ശിക്ഷ.
നിയമ ലംഘകർക്ക് പിഴ ചുമത്തിയ കോടതി സ്ഥാപനം ഒരാഴ്ചത്തേക്ക് അടപ്പിക്കാനും വിധിച്ചു. സ്ഥാപനത്തിൽ കണ്ടെത്തിയ കാലാവധി തീർന്ന ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കാനും വിധിയുണ്ട്. സ്ഥാപനത്തിന്റെയും സൗദി പൗരന്റെയും യെമനിയുടെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ ചെലവിൽ പത്രത്തിൽ പരസ്യം ചെയ്യാനും കോടതി ഉത്തരവിട്ടു. അണ്ടികളും പരിപ്പുകളും സുഗന്ധവ്യഞ്ജനങ്ങളും വിൽക്കുന്ന സ്ഥാപനത്തിൽ വാണിജ്യ മന്ത്രാലയ സംഘം നടത്തിയ പരിശോധനയിൽ കാലാവധി തീർന്ന 225 പാക്കറ്റ് ബദാം ഓയിലും ഏലവും കരിഞ്ചീരക ഓയിലും മറ്റും കണ്ടെത്തുകയായിരുന്നു