ദുബായ്- കഴിഞ്ഞ 10 വര്‍ഷത്തിനിടെ ബ്രിട്ടനില്‍ നിന്ന് 1,500 കോടീശ്വരന്മാര്‍ ദുബായിലേക്ക് താമസം മാറിയെന്ന് കണക്ക്. നൂറുകണക്കിനാളുകള്‍ ഈ വര്‍ഷം താമസം മാറാന്‍ തയാറായി നില്‍ക്കുന്നു. ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളുടെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി എമിറേറ്റ് മാറിക്കഴിഞ്ഞതായി പുതിയ റിപ്പോര്‍ട്ട് പറയുന്നു.
ന്യൂ വേള്‍ഡ് വെല്‍ത്ത് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം ഏകദേശം 250 കോടീശ്വരന്മാര്‍ യു.കെയില്‍ നിന്ന് ദുബായിലേക്ക് മാറും. ഇത് യൂറോപ്യന്‍ രാജ്യത്ത് നിന്നുള്ള കോടീശ്വരന്മാരെ ആകര്‍ഷിക്കുന്ന മൂന്നാമത്തെ മികച്ച ലക്ഷ്യസ്ഥാനമായി ദുബായിയെ മാറ്റും.
ആഗോള വെല്‍ത്ത് ഇന്റലിജന്‍സ് സ്ഥാപനത്തിന്റെ പഠനം 10 ലക്ഷം ഡോളറോ അതില്‍ കൂടുതലോ നിക്ഷേപിക്കാവുന്ന കോടീശ്വരന്മാരെ ഉള്‍പ്പെടുത്തിയാണ്. നേരത്തെ പുറത്തിറക്കിയ ഹെന്‍ലി പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് 2023 പ്രവചിച്ചത് 4,500 കോടീശ്വരന്മാര്‍ ഈ വര്‍ഷം യു.എ.ഇയിലേക്ക് മാറുമെന്നാണ്. ഇത് ഓസ്ട്രേലിയക്ക് ശേഷമുള്ള രണ്ടാമത്തെ ഉയര്‍ന്ന കുടിയേറ്റമാണ്.