ജിദ്ദ – മധ്യപൗരസ്ത്യദേശത്തെയും ഉത്തരാഫ്രിക്കയിലെയും മുൻനിര മാധ്യമ സ്ഥാപനങ്ങളിൽ ഒന്നായ എം.ബി.സി ഗ്രൂപ്പ് പത്തു ശതമാനം ഓഹരികൾ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽക്കുന്നു. ഓഹരി വിൽപനക്ക് സൗദി കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി അനുമതി എം.ബി.സി ഗ്രൂപ്പിന് ലഭിച്ചിട്ടുണ്ട്. എം.ബി.സി ഗ്രൂപ്പിന്റെ 3.325 കോടി ഓഹരികൾ ഐ.പി.ഒയിലൂടെ വിൽക്കാനാണ് പദ്ധതി. ഇതിൽ 90 ശതമാനം ഓഹരികൾ സ്ഥാപനങ്ങൾക്കും പത്തു ശതമാനം ഓഹരികൾ വ്യക്തിഗത നിക്ഷേപകർക്കുമാണ് നൽകുക.
ഓഹരി വിൽപന പൂർത്തിയാകുന്നതോടെ നിലവിലെ ഉടമകളുടെ ഓഹരി ഉടമസ്ഥാവകാശം 90 ശതമാനമായി മാറും. നിലവിൽ എം.ബി.സി ഗ്രൂപ്പിന്റെ 60 ശതമാനം ഉടമസ്ഥാവകാശം ഇസ്തിദാമ ഹോൾഡിംഗ് കമ്പനിക്കും 40 ശതമാനം ഉടമസ്ഥാവകാശം കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ വലീദ് ബിൻ ഇബ്രാഹിം ആലുഇബ്രാഹിമിനുമാണ്. മുപ്പതു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന എം.ബി.സി ഗ്രൂപ്പിനു കീഴിൽ പതിമൂന്നു ഫ്രീ ടെലിവിഷൻ ചാനലുകളുണ്ട്. ഇന്റർനെറ്റ് വഴി വീഡിയോ സംപ്രേക്ഷണം ചെയ്യുന്ന പ്ലാറ്റ്‌ഫോം ആയ ശാഹിദ്, ടി.വി സീരിയൽ, സിനിമാ ചിത്രീകരണ മേഖലയിൽ പ്രവർത്തിക്കുന്ന എം.ബി.സി സ്റ്റുഡിയോസ് അടക്കം മറ്റു നിരവധി പദ്ധതികളും ഗ്രൂപ്പിനു കീഴിലുണ്ട്. കഴിഞ്ഞ വർഷം ഗ്രൂപ്പ് വരുമാനം 349 കോടി റിയാലായി ഉയർന്നു. 2020-2022 കാലയളവിൽ ഗ്രൂപ്പ് വരുമാനത്തിൽ 23 ശതമാനം വളർച്ച രേഖപ്പെടുത്തി.