റിയാദ് : ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ സൗദി അറേബ്യയില്‍ ഈ വര്‍ഷത്തെ നാലാം മഴക്കാലം തുടങ്ങിയെന്ന് പ്രമുഖ കാലാവസ്ഥ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ഹുസൈനി അറിയിച്ചു. വിവിധയിടങ്ങളില്‍ പല സമയത്തായി മഴക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകും. ആലിപ്പഴ വര്‍ഷവും മഴ വെള്ളപ്പാച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
മദീനയുടെ കിഴക്ക് ഭാഗത്ത് നിന്നാണ് മഴയുടെ തുടക്കം. പിന്നീട് ഹായിലിന്റെ ചില ഭാഗങ്ങളിലെത്തും. അവിടെ നിന്ന് അല്‍ഖസീമിന്റെ പടിഞ്ഞാറന്‍ മേഖലയിലേക്കും മക്ക, അസീര്‍, അല്‍ബാഹ, ജിസാന്‍ ഭാഗങ്ങളിലേക്കും വ്യാപിക്കും. ശേഷം റിയാദിന്റെ പടിഞ്ഞാര്‍ ഭാഗത്തേക്കും ഖസീം മുഴുവനായും മഴയുണ്ടാകും. പിന്നീട് റിയാദിന്റെ വടക്ക് ഭാഗത്തെ ജില്ലകള്‍, കിഴക്കന്‍ പ്രവിശ്യയുടെ വടക്ക് ഭാഗം, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളുടെ കിഴക്ക് ഭാഗം, അല്‍സമാന്‍ എന്നിവിടങ്ങളിലും മഴയുണ്ടാകും. ഈ വാരാന്ത്യത്തോടെ സൗദിയുടെ ഭൂരിഭാഗം പ്രവിശ്യകളിലും താപനില ഗണ്യമായി കുറഞ്ഞ് ശൈത്യമനുഭവപ്പെടും. അതിനാല്‍ പാര്‍ക്കുകളിലും മറ്റു തുറന്ന പ്രദേശങ്ങളിലും പോകുമ്പോള്‍ നിങ്ങളും നിങ്ങളുടെ കുട്ടികളും അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിക്കണം. റിയാദുള്‍പ്പെടുന്ന മധ്യ, കിഴക്കന്‍, വടക്കന്‍, കിഴക്ക് പടിഞ്ഞാര്‍ പ്രവിശ്യകളിലുള്ളവര്‍ മരുഭൂമികള്‍, ഫാമുകള്‍, ഇസ്തിറാഹകള്‍ എന്നിവിടങ്ങളിലേക്ക് പോകുമ്പോള്‍ ടെന്റുകളോ റൂമുകളോ ഇല്ലെങ്കില്‍ ശീതകാല കോട്ടുകള്‍ കൂടെ കരുതണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ മഴയുണ്ട്.