ജിദ്ദ : ബന്ധപ്പെട്ട വകുപ്പുകൾക്ക് റിപ്പോർട്ട് സമർപ്പിക്കാതെയും അനുമതി വാങ്ങാതെയും സ്വന്തം ജീവനക്കാരെ ഓവർടൈം ഡ്യൂട്ടിക്ക് നിയോഗിക്കാൻ ഭരണപരവും സാമ്പത്തികപരവുമായ സ്വതന്ത്രമായ നിയമാവലികളുള്ള മുഴുവൻ പൊതുമേഖലാ സ്ഥാപനങ്ങളെയും അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഔദ്യോഗിക ഡ്യൂട്ടി സമയത്തിനു പുറത്തും ഔദ്യോഗിക അവധി ദിവസങ്ങളിലും പെരുന്നാൾ അവധി ദിവസങ്ങളിലും ജീവനക്കാരെ ഡ്യൂട്ടിക്ക് ചുമതലപ്പെടുത്താനാണ് അനുമതിയുള്ളത്. ഇതുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു.
ഡയറക്ടർ ബോർഡ് അംഗീകരിച്ച സാമ്പത്തികപരവും ഭരണപരവുമായ നിയമാവലികൾ അനുസരിച്ചായിരിക്കണം ജീവനക്കാരെ ഓവർടൈം ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടത് എന്ന വ്യവസ്ഥയുണ്ട്. അനിവാര്യമായ ആവശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഓവർടൈം ഡ്യൂട്ടിക്ക് ജീവനക്കാരെ നിയോഗിക്കുന്നത് എന്ന് ഉറപ്പാക്കുന്ന വ്യവസ്ഥകൾ ഓരോ പൊതുമേഖലാ സ്ഥാപനവും ധനമന്ത്രാലയവുമായും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായും സഹകരിച്ച് തയാറാക്കണമെന്നും നിബന്ധനയുണ്ട്. ഓവർടൈം ഡ്യൂട്ടിക്ക് നിയോഗിക്കുന്നതു മൂലമുള്ള സാമ്പത്തിക ബാധ്യതകൾ സ്വന്തം ബജറ്റിൽ നിന്നു തന്നെ പൊതുമേഖലാ സ്ഥാപനങ്ങൾ കണ്ടെത്തണം. ജീവനക്കാരെ ഓവർടൈം ഡ്യൂട്ടിക്ക് ചുമതലപ്പെടുത്തുന്നതു മൂലം പൊതുഖജനാവിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.