ജിദ്ദ – സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത, മക്കയിലും മദീനയിലും റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തിയ കമ്പനികളിൽ നിക്ഷേപം നടത്താൻ വിദേശികളെ അനുവദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട കരടു വ്യവസ്ഥകൾ വിദഗ്ധരുടെയും ബന്ധപ്പെട്ടവരുടെയും അഭിപ്രായ, നിർദേശങ്ങൾക്കായി പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്‌ഫോമിൽ സൗദി കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി പരസ്യപ്പെടുത്തി. മക്കയിലും മദീനയിലും റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപങ്ങൾ നടത്തിയ കമ്പനികളുടെ ഓഹരികൾ സ്വന്തമാക്കാൻ പുതിയ വ്യവസ്ഥകൾ വിദേശ നിക്ഷേപകരെ അനുവദിക്കുന്നു.
നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കാനും സൗദി ഓഹരി വിപണിയുടെ ആകർഷണീയതയും മത്സരക്ഷമതയും വർധിപ്പിക്കാനും സൗദി ഷെയർ മാർക്കറ്റിലേക്ക് കൂടുതൽ മൂലധനങ്ങൾ ആകർഷിച്ച് പ്രാദേശിക സമ്പദ്‌വ്യവസ്ഥക്ക് പിന്തുണ നൽകാനും പുതിയ വ്യവസ്ഥകൾ അവസരമൊരുക്കും. സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾക്ക് മക്കയിലും മദീനയിലുമുള്ള മെയിൻ ആസ്ഥാനങ്ങളും ശാഖാ ആസ്ഥാനങ്ങളും സ്വന്തം ഉടമസ്ഥതിയിലാക്കാൻ പുതിയ വ്യവസ്ഥകൾ അനുവദിക്കും.
മക്കയിലും മദീനയിലും റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപങ്ങൾ നടത്തിയ, സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ 30 ശതമാനം വരെ ഓഹരികളിൽ നിക്ഷേപങ്ങൾ നടത്താൻ പുതിയ വ്യവസ്ഥകൾ വിദേശികളായ വ്യക്തിഗത നിക്ഷേപകരെ അനുവദിക്കുന്നു. വ്യക്തികളും സ്ഥാപനങ്ങളുമായ വിദേശ നിക്ഷേപകർക്ക് ഇത്തരം കമ്പനികളിൽ ആകെയുള്ള ഉടമസ്ഥാവകാശം 49 ശതമാനം കവിയരുതെന്നും വ്യവസ്ഥയുണ്ട്. വിദേശികൾ റിയൽ എസ്റ്റേറ്റ് സ്വന്തമാക്കുന്നതും ഈ മേഖലയിൽ നിക്ഷേപം നടത്തുന്നതുമായും ബന്ധപ്പെട്ട നിയമത്തിൽ ഭേദഗതികൾ വരുത്തി ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന പുതിയ വ്യവസ്ഥകളിൽ അഭിപ്രായ, നിർദേശങ്ങൾ പ്രകടിപ്പിക്കാൻ സൗദി കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി അനുവദിച്ച സമയം ഈ മാസം 29 ന് അവസാനിക്കും.
നിലവിൽ മക്കയിലും മദീനയിലും റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപങ്ങൾ നടത്തിയ നാലു കമ്പനികളാണ് സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത തൈബ, മക്ക, മദീന നോളെജ്, ജബൽ ഉമർ എന്നീ കമ്പനികളാണ് മക്കയിലും മദീനയിലും റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നത്. പുതിയ വ്യവസ്ഥകൾ പ്രകാരം ഈ കമ്പനികളുടെ 2,150 കോടി റിയാൽ മൂല്യമുള്ള ഷെയറുകൾ സ്വന്തമാക്കാൻ വിദേശ നിക്ഷേപകർക്ക് സാധിക്കും. നിലവിൽ ഈ കമ്പനികളുടെ ഷെയറുകൾ വാങ്ങാൻ വിദേശ നിക്ഷേപകർക്ക് അനുമതിയില്ല. മക്കയിലും മദീനയിലും റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപങ്ങൾ നടത്തിയ കമ്പനികളുടെ പരമാവധി 49 ശതമാനം ഷെയറുകൾ സ്വന്തമാക്കാനാണ് പുതിയ വ്യവസ്ഥകൾ വിദേശ നിക്ഷേപകരെ അനുവദിക്കുന്നത്. ഇതുപ്രകാരം ജബൽ ഉമർ കമ്പനിയുടെ 1,170 കോടി റിയാൽ മൂല്യമുള്ള 56.57 കോടി ഷെയറുകളും മക്ക കമ്പനിയുടെ 540 കോടി റിയാൽ മൂല്യമുള്ള 8.08 കോടി ഓഹരികളും തൈബ കമ്പനിയുടെ 220 കോടി റിയാൽ മൂല്യമുള്ള 7.86 കോടി ഷെയറുകളും മദീന നോളെജിന്റെ 220 കോടി റിയാൽ മൂല്യമുള്ള 16.63 കോടി ഷെയറുകളും സ്വന്തമാക്കാൻ വിദേശ നിക്ഷേപകർക്ക് സാധിക്കും.
മക്കക്കും മദീനക്കും പുറത്ത് പ്രവർത്തിക്കുന്ന ഒമ്പതു റിയൽ എസ്റ്റേറ്റ് കമ്പനികളിൽ നിലവിൽ വിദേശികൾക്ക് ഓഹരി പങ്കാളിത്തമുണ്ട്. ഈ കമ്പനികളുടെ 390 കോടി റിയാൽ മൂല്യമുള്ള ഷെയറുകളാണ് വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ളത്. ദാറുൽഅർകാനിൽ 201 കോടിയുടെയും സെനോമി സെന്റേഴ്‌സിൽ 77.8 കോടിയുടെയും ഇഅ്മാറിൽ 45.9 കോടിയുടെയും തഅ്മീറിൽ 27.2 കോടിയുടെയും അഖാരിയയിൽ 19.4 കോടിയുടെയും റതാൽ അർബൻ ഡെവലപ്‌മെന്റ് കമ്പനിയിൽ എട്ടു കോടിയുടെയും അൽഅന്ദലുസിൽ 4.1 കോടിയുടെയും സുമുവിൽ മൂന്നു കോടിയുടെയും റെഡ്‌സീയിൽ 70 ലക്ഷം റിയാലിന്റെയും ഓഹരികളാണ് വിദേശികളുടെ ഉടമസ്ഥതയിലുള്ളത്. ദാറുൽഅർകാനിൽ 12.26 ഉം അൽതഅ്മീറിൽ 7.69 ഉം അൽഅന്ദലുസിൽ 2.1 ഉം സെനോമി സെന്റേഴ്‌സിൽ 8 ഉം അൽഅഖാരിയയിൽ 4.36 ഉം സുമുവ്വിൽ 1.92 ഉം ഇഅ്മാറിൽ 5.53 ഉം റതാലിൽ 1.99 ഉം റെഡ്‌സീയിൽ 1.19 ഉം ശതമാനം ഓഹരി ഉടമസ്ഥാവകാശമാണ് നിലവിൽ വിദേശികൾക്കുള്ളത്.