അബുദാബി : ഒക്ടോബര്‍ ഒന്നിന് മുമ്പ് തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് സ്കീമില്‍ വരിക്കാരാകാത്ത യു.എ.ഇ ജീവനക്കാര്‍ 400 ദിര്‍ഹം പിഴ അടയ്ക്കേണ്ടി വരും. സ്കീമില്‍ ചേര്‍ന്നെങ്കിലും മൂന്ന് മാസത്തിലധികം പ്രീമിയം അടക്കുന്നതില്‍ പരാജയപ്പെട്ടവര്‍ക്ക് 200 ദിര്‍ഹം പിഴ ചുമത്തും.
പിഴ അടച്ചില്ലെങ്കില്‍, ജീവനക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കില്ലെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം പറഞ്ഞു. പിഴ ശമ്പളത്തില്‍ നിന്നോ സേവനം അവസാനിപ്പിക്കുമ്പോഴുള്ള ഗ്രാറ്റുവിറ്റിയില്‍ നിന്നോ കുറയ്ക്കാം.
മൊഹ്രെ ആപ്പ്, വെബ്സൈറ്റ് അല്ലെങ്കില്‍ ബിസിനസ് സേവന കേന്ദ്രങ്ങള്‍ വഴി ജീവനക്കാര്‍ക്ക് പിഴ ഈടാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കാം. പിഴ തവണകളായും അടയ്ക്കും. പിഴ ഈടാക്കപ്പെട്ടിട്ടുള്ളവര്ക്ക് പിഴക്കെതിരെ അപ്പീല്‍ നല്‍കാം, 15 പ്രവൃത്തി ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കും.
നവംബര്‍ 15 വരെ 6.6 ദശലക്ഷത്തിലധികം ആളുകള്‍ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതിയില്‍ വരിക്കാരായതായി മൊഹ്രെ പറഞ്ഞു.
തൊഴില്‍ സുരക്ഷാ പദ്ധതി 2023 ജനുവരി ഒന്നിനാണ് പ്രാബല്യത്തില്‍ വന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും ജോലി നഷ്ടപ്പെട്ടാല്‍ മൂന്ന് മാസം വരെ നഷ്ടപരിഹാരം ലഭിക്കുന്നതാണ് പദ്ധതി.