ജിസാൻ : ആരോഗ്യ മന്ത്രാലയം പ്രവിശ്യയിൽ പുതുതായി പൂർത്തിയാക്കിയ 37 ആരോഗ്യ പദ്ധതികൾ ആരോഗ്യ മന്ത്രി ഫഹദ് അൽജലാജിലിന്റെ സാന്നിധ്യത്തിൽ ജിസാൻ ഗവർണർ മുഹമ്മദ് ബിൻ നാസിർ രാജകുമാരൻ ഉദ്ഘാടനം ചെയ്തു. ജിസാൻ സ്പെഷ്യലിസ്റ്റ് ആശുപത്രിയുടെ ആദ്യ ഘട്ടം, ഏതാനും പുതിയ ആശുപത്രികൾ, ഏതാനും ആശുപത്രി വികസന പദ്ധതികൾ, ഹെൽത്ത് സെന്റർ നവീകരണം എന്നിവ അടക്കമുള്ള പദ്ധതികളാണ് ഗവർണർ ഉദ്ഘാടനം ചെയ്തത്.
ഇന്ററാക്ടീവ് കമ്മ്യൂണിക്കേഷൻ സെന്റർ, കിംഗ് ഫഹദ് ആശുപത്രി വികസനം, അബൂഅരീശ്, സ്വബ്യ, അൽമൗസിം, ബേശ് ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളുടെ വികസനം, ബനീമാലിക്, ബേശ് ആശുപത്രികളിലെ കിടത്തി ചികിത്സാ വിഭാഗങ്ങളുടെ വികസനം, സ്വാംത ആശുപത്രി ഒ.പി ക്ലിനിക്ക് വികസനം, അൽതുവാൽ ജനറൽ ആശുപത്രി ലാബ്, ബ്ലഡ് ബാങ്ക്, എക്സ്റേ വിഭാഗങ്ങളുടെ വികസനം എന്നിവ ഉദ്ഘാടനം ചെയ്ത പദ്ധതികളിൽ പെടുന്നു.
ജിസാൻ നിവാസികൾ വിദഗ്ധ ചികിത്സക്കായി റിയാദിലെയും ജിദ്ദയിലെയും ആശുപത്രികളിലേക്ക് പോകേണ്ട സാഹചര്യം ജിസാൻ സ്പെഷ്യലിസ്റ്റ് ആശുപത്രി ഇല്ലാതാക്കുമെന്ന് ഗവർണർ പറഞ്ഞു. ജിസാൻ റിഫൈനറി, ജിസാൻ ഇൻഡസ്ട്രിയൽ സിറ്റി അടക്കം സമീപ കാലത്ത് ജിസാനിൽ നടപ്പാക്കിയ വൻകിട വികസന പദ്ധതികളിൽ ഒന്നാണ് ജിസാൻ സ്പെഷ്യലിസ്റ്റ് ആശുപത്രിയെന്നും മുഹമ്മദ് ബിൻ നാസിർ രാജകുമാരൻ പറഞ്ഞു. സ്വദേശികളും വിദേശികളുമായ രോഗികൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും പ്രവിശ്യയിലെ എല്ലാ പ്രദേശങ്ങളിലും വിദഗ്ധ ചികിത്സകൾ ലഭ്യമാക്കാനും വിദഗ്ധ ചികിത്സക്കായി ജിസാനിലെ റഫറൽ ആശുപത്രികളിലേക്കും പ്രവിശ്യക്ക് പുറത്തേക്കും മാറ്റുന്ന കേസുകൾ കുറക്കാനും പുതിയ പദ്ധതികളിലൂടെ ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നു.
ആകെ 3,74,249 ചതുരശ്രമീറ്റർ വിസ്തൃതിയിൽ 500 കിടക്ക ശേഷിയിലാണ് ജിസാൻ സ്പെഷ്യലിസ്റ്റ് ആശുപത്രി നിർമിക്കുന്നത്. പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രതിവർഷം പതിനായിരക്കണക്കിന് രോഗികൾക്ക് സേവനം നൽകാൻ ജിസാൻ സ്പെഷ്യലിസ്റ്റ് ആശുപത്രിക്ക് ശേഷിയുണ്ടാകും. 120 കോടി റിയാൽ ചെലവഴിച്ച് പൂർത്തിയാക്കിയ ആരോഗ്യ പദ്ധതികളാണ് ഗവർണർ ഉദ്ഘാടനം ചെയ്തതെന്ന് ജിസാൻ ആരോഗ്യ വകുപ്പ് മേധാവി ഡോ. അവാജി അൽനുഅമി പറഞ്ഞു. ജിസാനിൽ സ്വദേശികളും വിദേശികളുമായ രോഗികൾക്ക് നൽകുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയാണ് ജിസാൻ സ്പെഷ്യലിസ്റ്റ് ആശുപത്രി പദ്ധതിയുടെ ലക്ഷ്യമെന്ന് ജിസാൻ ആരോഗ്യ വകുപ്പ് മേധാവി പറഞ്ഞു.