ജിദ്ദ : ഒക്‌ടോബറിൽ സൗദിയിൽ കാറുകളുടെ വില 1.08 ശതമാനം തോതിൽ കുറഞ്ഞതായി ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നു. തുടർച്ചയായി മൂന്നാം മാസമാണ് രാജ്യത്ത് കാറുകളുടെ വില കുറയുന്നത്. ഓഗസ്റ്റിൽ 0.3 ശതമാനവും സെപ്റ്റംബറിൽ 0.91 ശതമാനവും തോതിൽ കാറുകളുടെ വില കുറഞ്ഞിരുന്നു. 2019 നവംബറിനു ശേഷം കാറുകളുടെ വിലയിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ കുറവാണ് കഴിഞ്ഞ മാസത്തെത്. 2019 നവംബറിൽ കാറുകളുടെ വില 1.26 ശതമാനം തോതിൽ കുറഞ്ഞിരുന്നു.
നാലു വർഷത്തിനിടെ കാറുകളുടെ വില തുടർച്ചയായി വർധിച്ചിരുന്നു. വില വർധന കാരണം ആവശ്യം കുറഞ്ഞതാണ് ഇപ്പോൾ കാറുകളുടെ വില കുറയാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2019 ൽ 0.4 ശതമാനവും 2020 ൽ 9.6 ശതമാനവും 2021 ൽ ഒരു ശതമാനവും 2022 ൽ അഞ്ചു ശതമാനവും തോതിൽ കാറുകളുടെ വില ഉയർന്നിരുന്നു.
സൗദിയിൽ പണപ്പെരുപ്പം കുറഞ്ഞതുമായി കാറുകളുടെ വിലയിലെ കുറവ് ഒത്തുപോകുന്നു. കഴിഞ്ഞ മാസം സൗദിയിൽ പണപ്പെരുപ്പം 1.6 ശതമാനമായി കുറഞ്ഞിരുന്നു. ഇത് ഇരുപതു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പമാണ്. 2018 മധ്യത്തിൽ സൗദിയിൽ വനിതകൾക്ക് ഡ്രൈവിംഗ് അനുമതി നൽകിയിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ പ്രാദേശിക വിപണിയിൽ കാറുകൾക്കുള്ള ആവശ്യം വർധിക്കാൻ ഇതും ഒരു കാരണമായി മാറി. കാറുകൾ വാങ്ങാൻ ബാങ്കുകൾ അനുവദിക്കുന്ന ഉപഭോക്തൃ വായ്പകളും കുറഞ്ഞിട്ടുണ്ട്.