ജിദ്ദ : കഴിഞ്ഞ മാസം സൗദിയിൽ കോഴിയിറച്ചി വില കുറയുകയും ബീഫ് വില ഉയരുകയും ചെയ്തതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം 900 ഗ്രാം തൂക്കമുള്ള ഫ്രഷ് കോഴിയിറച്ചി വില 17.99 റിയാലായാണ് കുറഞ്ഞത്. തൊട്ടു മുൻ മാസത്തെ അപേക്ഷിച്ച് 0.9 ശതമാനം തോതിലും 2022 ഒക്‌ടോബർ മാസത്തെ അപേക്ഷിച്ച് 2.9 ശതമാനം തോതിലും കോഴിയിറച്ചി വില കുറഞ്ഞു. 900 ഗ്രാം തൂക്കമുള്ള സൗദി ഫ്രോസൻ കോഴിയിറച്ചി വില സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസം 0.3 ശതമാനം തോതിൽ കുറഞ്ഞ് 19 റിയാലായി. 2022 ഒക്‌ടോബർ മാസത്തെ അപേക്ഷിച്ച് ഫ്രോസൻ കോഴിയിറച്ചി വില 1.7 ശതമാനം തോതിൽ കുറഞ്ഞു.
450 ഗ്രാം തൂക്കമുള്ള കോഴി നെഞ്ചിറച്ചി (ബോൺലെസ്) പേക്കറ്റ് വില 21.35 റിയാലായി കഴിഞ്ഞ മാസം കുറഞ്ഞു. തൊട്ടു മുൻ മാസത്തെ അപേക്ഷിച്ച് 0.2 ഉം 2022 ഒക്‌ടോബർ മാസത്തെ അപേക്ഷിച്ച് 2.8 ഉം ശതമാനം തോതിലാണ് കോഴി നെഞ്ചിറച്ചി വില കുറഞ്ഞത്. 450 ഗ്രാം തൂക്കമുള്ള കോഴി തുടയിറച്ചി പേക്കറ്റ് (ഡ്രം സ്റ്റിക്ക്) വില തൊട്ടു മുൻ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസം 2.4 ശതമാനം തോതിൽ കുറഞ്ഞ് 10.37 റിയാലായി. കഴിഞ്ഞ വർഷം ഒക്‌ടോബർ മാസത്തെ അപേക്ഷിച്ച് ഡ്രം സ്റ്റിക്ക് പേക്കറ്റ് വില 1.4 ശതമാനം തോതിൽ കുറഞ്ഞു.
900 ഗ്രാം തൂക്കമുള്ള ഇറക്കുമതി ചെയ്ത ഫ്രോസൻ കോഴിയിറച്ചി പേക്കറ്റ് വില കഴിഞ്ഞ മാസം 18.28 റിയാലായിരുന്നു. സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് 0.4 ഉം 2022 ഒക്‌ടോബർ മാസത്തെ അപേക്ഷിച്ച് 6.9 ഉം ശതമാനം തോതിൽ ഫ്രോസൻ കോഴിയിറച്ചി വില കുറഞ്ഞു. ഫ്രഷ് ബീഫ് വില (ഒരു കിലോ) സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് 0.7 ഉം 2022 ഒക്‌ടോബർ മാസത്തെ അപേക്ഷിച്ച് 5.9 ഉം ശതമാനം തോതിൽ ഉയർന്ന് 51.21 റിയാലായി. ഒരു കിലോ ഫ്രഷ് ആട്ടിറച്ചി വില 65.97 റിയാലായും ഉയർന്നു. ആട്ടിറച്ചി വില ഒരു മാസത്തിനിടെ 1.9 ശതമാനവും വർഷത്തിനിടെ 5 ശതമാനവും തോതിലാണ് ഉയർന്നത്. ഒരു കിലോ ഫ്രഷ് ഒട്ടകയിറച്ചി വില ഒരു മാസത്തിനിടെ 2.2 ശതമാനവും വർഷത്തിനിടെ 4.4 ശതമാനവും തോതിൽ ഉയർന്ന് 55.28 റിയാലായി. എന്നാൽ ഇറക്കുമതി ചെയ്ത ശീതീകരിച്ച ആട്ടിറച്ചി വില സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് 1.2 ശതമാനം തോതിൽ കുറയുകയും 2022 ഒക്‌ടോബർ മാസത്തെ അപേക്ഷിച്ച് 3.9 ശതമാനം തോതിൽ വർധിക്കുകയും ചെയ്തു. ഇറക്കുമതി ചെയ്ത ശീതീകരിച്ച ആട്ടിറച്ചി വില കഴിഞ്ഞ മാസം 55.22 റിയാലായിരുന്നു.