ജിദ്ദ : ഒന്നേകാൽ ലക്ഷത്തോളം സൗദികൾ ഇരുപതു വർഷത്തിലേറെയായി സ്വകാര്യ മേഖല തൊഴിലുകളിൽ തുടരുന്നതായി നാഷണൽ ലേബർ ഒബ്‌സർവേറ്ററി. 1,23,000 ലേറെ സൗദി ജീവനക്കാരാണ് ഇരുപതു വർഷത്തിലേറെയായി സ്വകാര്യ മേഖല ജോലികളിൽ തുടരുന്നത്. 1,64,000 ലേറെ പേർ 15 മുതൽ 20 വർഷം വരെയായും 3,80,000 ലേറെ പേർ 10 മുതൽ 15 വർഷം വരെയായും 7,14,000 ലേറെ സൗദികൾ അഞ്ചു മുതൽ 10 വർഷം വരെയായും 3,77,000 ലേറെ സ്വദേശികൾ മൂന്നു മുതൽ അഞ്ചു വർഷം വരെയായും 6,11,000 ലേറെ പേർ ഒന്നു മുതൽ മൂന്നു വർഷം വരെയായും സ്വകാര്യ മേഖല തൊഴിലുകളിൽ തുടരുന്നു. 1,34,000 ലേറെ പേർ സ്വകാര്യ മേഖലയിലെ ജോലികളിൽ പ്രവേശിച്ചിട്ട് ഒരു വർഷത്തിൽ കുറവ് കാലമേ ആയിട്ടുള്ളൂ.
സ്വകാര്യ മേഖലയിൽ സ്വദേശി ജീവനക്കാരുടെ തൊഴിൽ സ്ഥിരത വർധിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ വിജയകരമാണ്. സൗദി ജീവനക്കാർക്ക് സ്വകാര്യ മേഖല നൽകുന്ന പ്രോത്സാഹനങ്ങളും അലവൻസുകളും തൊഴിൽ പരിശീലനങ്ങളും തൊഴിൽ സ്ഥിരത വർധിപ്പിക്കാൻ സഹായിക്കുന്നു. സൗദിവൽക്കരണത്തിനും തൊഴിൽ സ്ഥിരതക്കും സർക്കാർ നൽകുന്ന പിന്തുണയും നടപ്പാക്കുന്ന പദ്ധതികളും ഇക്കാര്യത്തിൽ ഫലപ്രദമായ പങ്ക് വഹിക്കുന്നു. എല്ലാ പ്രായവിഭാഗത്തിലും പെട്ട സൗദി ജീവനക്കാരുടെ തൊഴിൽ സ്ഥിരത ശ്രദ്ധേയമായ നിലക്ക് വർധിച്ചതായും നാഷണൽ ലേബർ ഒബ്‌സർവേറ്ററി റിപ്പോർട്ട് പറഞ്ഞു