ജിദ്ദ : സൗദിയിലെ തുറമുഖങ്ങളിൽ വിവിധ സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസുകൾ സമഗ്രമായി പരിഷ്‌കരിക്കാൻ സൗദി പോർട്ട്‌സ് അതോറിറ്റി നീക്കം. ഫീസുകൾ കുറക്കുന്നത് ഉറപ്പാക്കുന്നതിന് ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്താനും ഷിപ്പിംഗ് മേഖലയിലെ പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെട്ടു പോകാനും ലക്ഷ്യമിട്ടാണ് ഫീസുകളിൽ ഭേദഗതികൾ വരുത്തുന്നത്. കരടു ഫീസ് ഭേദഗതി ബന്ധപ്പെട്ടവരുടെയും വിദഗ്ധരുടെയും അഭിപ്രായ, നിർദേശങ്ങൾക്കു വേണ്ടി പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്‌ഫോമിൽ സൗദി പോർട്ട്‌സ് അതോറിറ്റി പരസ്യപ്പെടുത്തി. വിദഗ്ധരും മറ്റും സമർപ്പിക്കുന്ന അഭിപ്രായ, നിർദേശങ്ങൾ കൂടി പരിഗണിച്ച് ഫീസ് ഭേദഗതി സൗദി പോർട്ട്‌സ് അതോറിറ്റി അന്തിമമായി അംഗീകരിക്കും.
ഭേദഗതികൾ പ്രകാരം കണ്ടെയ്‌നറുകൾ തുറമുഖങ്ങളിൽ സൗജന്യമായി സൂക്ഷിക്കാവുന്ന കാലയളവ് അഞ്ചു ദിവസത്തിൽ നിന്ന് പത്തു ദിവസമായി ഉയർത്തും. ടൂറിസ്റ്റ് (ക്രൂയിസ്) കപ്പലുകൾ സൗദി തുറമുഖങ്ങൾ വിടുന്ന യാത്രക്കാർക്കുള്ള ഫീസ് 50 റിയാലിൽ നിന്ന് 25 റിയാലായി കുറക്കും. കണ്ടെയ്‌നർ ടെർമിനലുകളിൽ പ്രത്യേക തരം ചരക്കുകൾ നീക്കം ചെയ്യുന്ന കപ്പലിന്റെ മൂടികൾ തുറക്കുന്നതിനുള്ള ഫീസ് ഏകീകരിച്ച് ഒരു മൂടിക്ക് 383 റിയാലായി നിശ്ചയിച്ചിട്ടുണ്ട്. അപകടകരമായ പദാർഥങ്ങൾ തുറമുഖങ്ങളിൽ കൈകാര്യം ചെയ്യുന്നതിനുള്ള ഫീസ് 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി വർധിപ്പിക്കും. ശീതീകരിച്ച കണ്ടെയ്‌നറുകളിലെ വൈദ്യുതി കണക്ഷൻ അടക്കം കണ്ടെയ്‌നൻ നിരീക്ഷണ താരിഫ് കണക്കാക്കുന്ന രീതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇത് 200 റിയാലിൽ നിന്ന് 130 റിയാലായി കുറച്ചിട്ടുണ്ട്.
മിനിമം വേതനത്തിന് അനുസൃതമായി തുറമുഖങ്ങളിൽ തൊഴിലാളികളുടെ കൂലി ഉയർത്തിയിട്ടുണ്ട്. നോൺ-മറൈൻ സർവീസുകൾ നൽകുന്ന തൊഴിലാൡയുടെ കൂലി 35 റിയാലായും വിദഗ്ധ തൊഴിലാളിയുടെയും സാങ്കേതിക തൊഴിലാളിയുടെയും കൂലി 60 റിയാലായും നോൺ-മറൈൻ സർവീസ് സൂപ്പർവൈസറുടെ കൂടി 100 റിയാലായും ഉയർത്തിയിട്ടുണ്ട്.
അപകടകരമായ പദാർഥങ്ങൾ സൂക്ഷിച്ച ട്രാൻസ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നറുകൾ സൗജന്യമായി സൂക്ഷിക്കാവുന്ന കാലയളവ് 30 ദിവസത്തിൽ നിന്ന് 10 ദിവസമായി കുറച്ചിട്ടുണ്ട്. കണ്ടെയ്‌നറുകൾ സൗജന്യമായി സൂക്ഷിക്കാവുന്ന കാലയളവ് കണക്കാക്കുന്നതിൽ നിന്ന് ഔദ്യോഗിക അവധി ദിവസങ്ങൾ ഒഴിവാക്കില്ല.
കപ്പൽ ജീവനക്കാരെ കൊണ്ടുപോകാനുള്ള ബോട്ടുകളുടെ വാടക മണിക്കൂറിന് 100 റിയാലിൽ നിന്ന് 1,000 റിയാലായി വർധിപ്പിച്ചിട്ടുണ്ട്. 40,000 ടണ്ണിൽ കുറവ് കേവുഭാരമുള്ള കപ്പലുകൾക്കുള്ള തുറമുഖ ഫീസ് 1,000 റിയാലായി കുറച്ചിട്ടുണ്ട്. 40,000 ടൺ മുതൽ 80,000 ടൺ വരെ കേവുഭാരമുള്ള കപ്പലുകളുടെ ഫീസ് 2,000 റിയാലായി മാറ്റമില്ലാതെ നിലനിർത്തി. 80,000 ടണ്ണിലേറെ കേവുഭാരമുള്ള കപ്പലുകളുടെ തുറമുഖ ഫീസ് 4,000 റിയാലായി ഉയർത്തിയിട്ടുമുണ്ട്.