ജിദ്ദ : സൗത്ത് അബ്ഹുർ ബീച്ച് വാട്ടർഫ്രണ്ട് വികസന പദ്ധതി പൊതുജനങ്ങൾക്കു മുന്നിൽ തുറന്നുകൊടുത്തു. ഈ മാസം 16 മുതലാണ് (വ്യാഴം) പൂര്‍ണമായ പ്രവേശനം. വ്യാഴം രാവിലെ മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കാൻ ശ്രമിച്ച് മുനിസിപ്പൽ സേവനങ്ങൾ വികസിപ്പിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനുമുള്ള പദ്ധതികളുടെ ഭാഗമായി പൂർത്തിയാക്കിയ സൗത്ത് അബ്ഹുർ ബീച്ച് വാട്ടർഫ്രണ്ട് വികസന പദ്ധതി മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരനാണ് ഉദ്ഘാടനം ചെയ്തത്. 2.7 കിലോമീറ്റർ നീളത്തിൽ 2,05,000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള പ്രദേശത്താണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
സമുദ്ര കാഴ്ചയുടെ പശ്ചാലത്തിൽ നടപ്പാതയും സൈക്കിൾ ട്രാക്കും തുറസ്സായ പച്ചവിരിച്ച പ്രദേശങ്ങളും കാർ പാർക്കിംഗുകളും കുട്ടികൾക്കുള്ള കളിയുപകരണങ്ങളും സമുദ്ര തീരത്തെ കൈവരിയും നിക്ഷേപ ലക്ഷ്യത്തോടെയുള്ള കെട്ടിടങ്ങളും മറ്റും പദ്ധതിയിൽ അടങ്ങിയിരിക്കുന്നു. പദ്ധതി പ്രദേശത്തെ മണൽ നിറഞ്ഞ ബീച്ചുകൾ നീന്താനും ഇരിക്കാനും ആസ്വദിക്കാനുമായി നീക്കിവെച്ചിരിക്കുന്നു.
ജിദ്ദയിൽ 500 ലേറെ പാർക്കുകളും 700 അർബൻ സ്ട്രീറ്റുകളും പൊതുചത്വരങ്ങളും 400 ഓളം നടപ്പാതകളും നിരവധി സൈക്കിൾ ട്രാക്കുകളും കുട്ടികൾക്കുള്ള 500 ലേറെ കളിസ്ഥലങ്ങളും വികസിപ്പിക്കാനും 300 ഗ്രൗണ്ടുകൾ നിർമിക്കാനും ജിദ്ദ നഗരസഭക്ക് പദ്ധതിയുണ്ട്. നഗരത്തിലെ ഏഴു ലക്ഷം നിവാസികൾക്ക് പത്തു മിനിറ്റ് ദൂരപരിധിയിൽ പാർക്കുകൾ ലഭ്യമാക്കാനാണ് ശ്രമം.