മസ്‌കത്ത് : സൗദി, ഒമാൻ ഏകോപന സമിതി മസ്‌കത്തിൽ പ്രഥമ യോഗം ചേർന്നു. സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്റെയും ഒമാൻ വിദേശ മന്ത്രി ബദ്ർ ബിൻ ഹമദ് ബിൻ ഹമൂദ് അൽബൂസഈദിയുടെയും സംയുക്ത അധ്യക്ഷതയിലാണ് ഏകോപന സമിതി യോഗം ചേർന്നത്. ഒമാന്റെ ഏറ്റവും വലിയ മൂന്നാമത്തെ വാണിജ്യ പങ്കാളിയാണ് സൗദി അറേബ്യയെന്ന് ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. ഒമാനി ഉൽപന്നങ്ങൾ ഏറ്റവുമധികം കയറ്റി അയക്കുന്ന രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യ. കഴിഞ്ഞ വർഷം സൗദി, ഒമാൻ വ്യാപാരം 245 ശതമാനം തോതിൽ വർധിച്ചു. അഞ്ചു വർഷത്തിനിടെ 2,200 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് നടന്നത്. ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കാനുള്ള ഫലപ്രദമായ സംവിധാനമാണ് സൗദി, ഒമാൻ ഏകോപന സമിതിയെന്നും സൗദി വിദേശ മന്ത്രി പറഞ്ഞു.
ഏകോപന സമിതിക്കു കീഴിലെ സബ്കമ്മിറ്റികൾ യോഗങ്ങൾ ചേർന്ന് ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കാൻ സഹായിക്കുന്ന 55 പദ്ധതികൾ അംഗീകരിച്ചിട്ടുണ്ട്. സൗദി, ഒമാൻ ഏകോപന സമിതിയുടെ രണ്ടാമത് യോഗം സൗദിയിൽ ചേരും. 2021 ജൂലൈ 11 ന് ആണ് സൗദി, ഒമാൻ ഏകോപന സമിതി സ്ഥാപിച്ചത്. സമിതിക്കു കീഴിൽ അഞ്ചു സബ്കമ്മിറ്റികളാണുള്ളത്.
ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ഹിശാം അൽഫാലിഹ്, വിദേശ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. സൗദ് അൽസാത്തി, നിക്ഷേപ മന്ത്രാലയ അണ്ടർ സെക്രട്ടറി ബദ്ർ അൽബദ്ർ, സാമ്പത്തിക, ആസൂത്രണ മന്ത്രാലയ അണ്ടർ സെക്രട്ടറി അൽബറാ അൽഇസ്‌കന്ദറാനി, വിദേശ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽദാവൂദ്, ഒമാനിലെ സൗദി എംബസി ചാർജ് ഡി അഫയേഴ്‌സ് യൂസുഫ് അൽഔദ, സാംസ്‌കാരിക മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണകാര്യ വിഭാഗം മേധാവി അബ്ദുല്ല അൽറദാദി എന്നിവർ ഏകോപന സമിതി യോഗത്തിൽ സംബന്ധിച്ചു.
ഏകോപന സമിതി യോഗത്തിനു മുമ്പായി സൗദി, ഒമാൻ വിദേശ മന്ത്രിമാർ പ്രത്യേകം കൂടിക്കാഴ്ച നടത്തി ഗാസയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും, ഉടനടി വെടിനിർത്തൽ നടപ്പാക്കാനും സാധാരണക്കാർക്ക് സംരക്ഷണം നൽകാനുമുള്ള ശ്രമങ്ങളും വിശകലനം ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ച റിയാദിൽ നടന്ന അസാധാരണ അറബ്, ഇസ്‌ലാമിക് ഉച്ചകോടി തീരുമാനങ്ങൾ നടപ്പാക്കുന്നത് നിരീക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഉഭയകക്ഷി, ബഹുകക്ഷി ഏകോപന സംവിധാനങ്ങളെ കുറിച്ചും വിദേശ മന്ത്രിമാർ ചർച്ച ചെയ്തു.