റിയാദ് : ഗാസയിലേക്കുള്ള റിലീഫ് വസ്തുക്കളുമായി സൗദിയിൽനിന്നുള്ള നാലാമത്തെ വിമാനം ഈജിപ്തിലെ അൽ അരീഷ് വിമാനത്താവളത്തിലെത്തി. ഇവിടെനിന്ന് ട്രക്കുകളിലാവും സാധനങ്ങൾ ഗാസയിൽ എത്തിക്കുക. ഭക്ഷണവും ബ്ലാങ്കറ്റുകളും തമ്പുകൾ ഉണ്ടാക്കാനുള്ള സാമഗ്രികളുമാണ് സൗദിയിൽനിന്ന് അയച്ചത്. കഴിഞ്ഞ ദിവസം അൽ അരീഷ് വിമാനത്താവളത്തിലെത്തിയ മൂന്നാമത്തെ വിമാനത്തിൽ 35 ടൺ റിലീഫ് വസ്തുക്കളാണുണ്ടായിരുന്നത്.
യുദ്ധക്കെടുതി നേരിടുന്ന ഫലസ്തീനിലെ സഹോദരങ്ങൾക്ക് പരമാവധി സഹായം എത്തിക്കണമെന്ന തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശ പ്രകാരമാണ് റിലീഫ് വസ്തുക്കൾ അയക്കുന്നത്.