ദുബായ് :ഇന്ത്യക്കാരിയായ മറിയം ബീബിയെ സംബന്ധിച്ചിടത്തോളം, ഈ പ്രദേശത്തേക്കുള്ള ഓരോ സന്ദര്‍ശനവും വെല്ലുവിളി നിറഞ്ഞതാണ്. ‘എന്റെ മകള്‍ ഷാര്‍ജയിലും മകന്‍ ഖത്തറിലും താമസിക്കുന്നു,’ അവര്‍ പറഞ്ഞു. ‘അതിനാല്‍, ഞാന്‍ വരുമ്പോഴെല്ലാം, ഒരാളെ മാത്രമേ സന്ദര്‍ശിക്കൂ, രണ്ടുപേരെയും സന്ദര്‍ശിക്കണമെങ്കില്‍ വിസകളും യാത്രാ തീയതികളും മുന്‍കൂട്ടി പ്ലാന്‍ ചെയ്യണം.’
ഇപ്പോള്‍, പുതിയ ഏകീകൃത ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) ടൂറിസ്റ്റ് വിസ എല്ലാ രാജ്യങ്ങളും അംഗീകരിച്ചതിനാല്‍, മറിയത്തെപ്പോലുള്ള സന്ദര്‍ശകര്‍ക്ക് ഇത് പ്രയോജനപ്പെടും. ‘ഏകീകൃത വിസയെക്കുറിച്ച് കേട്ടപ്പോള്‍ മുതല്‍, ഞാന്‍ വാര്‍ത്തകള്‍ ശ്രദ്ധയോടെ പിന്തുടരുന്നു,’ അവര്‍ പറഞ്ഞു. ‘ഏകീകൃത വിസ വരുമ്പോള്‍, എനിക്ക് എന്റെ രണ്ട് കുട്ടികളെയും എളുപ്പത്തില്‍ സന്ദര്‍ശിക്കാനും മസ്‌കത്തില്‍ ജോലി ചെയ്യുന്ന സഹോദരനെ കാണാനും കഴിയും. വിസ അനുവദിച്ചു വരുന്നതുവരെ എനിക്ക് കാത്തിരിക്കേണ്ടതില്ല.
ആയിരക്കണക്കിന് താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും, പുതിയ ഷെന്‍ഗന്‍ ശൈലിയിലുള്ള ടൂറിസ്റ്റ് വിസയെക്കുറിച്ചുള്ള വാര്‍ത്ത ആശ്വാസം പകരുന്നു. നിര്‍ദിഷ്ട വിസക്ക് ഒമാനില്‍ ചേര്‍ന്ന 40 ാമത് യോഗത്തില്‍ ജി.സി.സി രാജ്യങ്ങള്‍ ഏകകണ്ഠമായി അംഗീകാരം നല്‍കി.
ഡയാന മെന്‍ഡോസ ഒരു നിയമ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ജോലിക്കായി പലപ്പോഴും മേഖലയിലുടനീളം യാത്ര ചെയ്യേണ്ടിവരും. ‘എല്ലാ ഡോക്യുമെന്റേഷനുകളും എന്റെ കമ്പനിയാണ് ചെയ്യുന്നത്, അവര്‍ പറഞ്ഞു. ‘എന്നാലും, എനിക്ക് എല്ലാ വിസകളും ഉണ്ടെന്ന് എല്ലായ്‌പ്പോഴും ഉറപ്പാക്കുന്നത് അല്‍പ്പം സങ്കീര്‍ണമാണ്, കാരണം ഞാന്‍ പലപ്പോഴും ഒരു സമയം കുറഞ്ഞത് മൂന്ന് രാജ്യങ്ങളില്‍ സഞ്ചരിക്കാറുണ്ട്. വിസ കൃത്യസമയത്ത് ലഭിക്കാത്തതിനാല്‍ എന്റെ യാത്രാ പദ്ധതികള്‍ മാറ്റേണ്ടി വന്ന സമയങ്ങളുണ്ട്, ഏകീകൃത വിസ വന്നുകഴിഞ്ഞാല്‍, അത് എന്റെ ജീവിതത്തെ കുറേക്കൂടി സുഗമമാക്കുമെന്ന് ഞാന്‍ കരുതുന്നു.
യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നീ ആറ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ വിസ യാത്രക്കാരെ സഹായിക്കും. ഈ നീക്കം വിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കുമെന്നും മേഖലയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. വിസയുടെ നിരക്ക് ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
യാത്രാപ്രേമികളായ ഷാഫിയും സിയാദും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു നീക്കമാണിത്. ‘ഞങ്ങളെ സംബന്ധിച്ചിടത്തോളം, നിര്‍ദ്ദിഷ്ട ഏകീകൃത ജി.സി.സി സന്ദര്‍ശന വിസയാണ് ഈ മേഖലയിലെ യാത്രയെ പ്രോത്സാഹിപ്പിക്കുന്നതിന് സംഭവിച്ച ഏറ്റവും മികച്ച കാര്യം-സിയാദ് പറഞ്ഞു. ‘അത് നിലവില്‍ വന്നുകഴിഞ്ഞാല്‍, ആളുകള്‍ ഞങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ജിസിസിയിലെ കൂടുതല്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മേഖലയിലുടനീളം വിപുലമായി യാത്ര ചെയ്തിട്ടുള്ള ഇരുവരും, മുഴുവന്‍ രാജ്യങ്ങളിലും സഞ്ചരിക്കാന്‍ നിലവില്‍ ഒന്നിലധികം സന്ദര്‍ശന വിസകള്‍ എടുക്കേണ്ടി വരുന്നതായി പറഞ്ഞു