ജിദ്ദ- അറബ് ലോകത്തും മധ്യപൗരസ്ത്യദേശത്തും വൈദ്യുതി ഉൽപാദനത്തിൽ സൗദി അറേബ്യ ബഹുദൂരം മുന്നിലാണെന്ന് ഔദ്യോഗിക കണക്കുകൾ. കഴിഞ്ഞ വർഷം മണിക്കൂറിൽ 401.6 ടെറാവാട്ട് വൈദ്യുതി തോതിലാണ് സൗദി അറേബ്യ ഉൽപാദിപ്പിച്ചത്. ഇത് സർവകാല റെക്കോർഡാണ്. അറബ് ലോകത്ത് പ്രധാനപ്പെട്ട ഒമ്പതു രാജ്യങ്ങളുടെ ആകെ വൈദ്യുതി ഉൽപാദനത്തിന്റെ മൂന്നിലൊന്നിലേറെ സൗദി അറേബ്യയുടെ വിഹിതമാണ്. കഴിഞ്ഞ വർഷം ഒമ്പതു രാജ്യങ്ങളുടെ ആകെ വൈദ്യുതി ഉൽപാദനം മണിക്കൂറിൽ 1,181.6 ടെറാവാട്ട് ആയിരുന്നു. 2021 ൽ ഇത് 1,162.3 ടെറാവാട്ട് ആയിരുന്നു. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ വർഷം വൈദ്യുതി ഉൽപാദനം 1.7 ശതമാനം (19.3 ടെറാവാട്ട്) വർധിച്ചു.
കഴിഞ്ഞ വർഷം ലോകത്തെ ആകെ വൈദ്യുതി ഉൽപാദനം 29,170 ടെറാവാട്ട് ആണ്. ഇതിന്റെ 4.1 ശതമാനം ഒമ്പതു അറബ് രാജ്യങ്ങളുടെ സംഭാവനയാണ്. കഴിഞ്ഞ വർഷം സൗദി അറേബ്യയുടെ വൈദ്യുതി ഉൽപാദനം 2.2 ശതമാനം തോതിൽ വർധിച്ച് 401.6 ടെറാവാട്ട് ആയി. മധ്യപൗരസ്ത്യദേശത്ത് സൗദി അറേബ്യക്കു പിന്നിൽ രണ്ടാം സ്ഥാനത്തുള്ള ഇറാൻ കഴിഞ്ഞ വർഷം 348.1 ടെറാവാട്ട് വൈദ്യുതി തോതിലാണ് ഉൽപാദിപ്പിച്ചത്.
അറബ് ലോകത്ത് സൗദി അറേബ്യക്കു പിന്നിൽ രണ്ടാം സ്ഥാനത്ത് ഈജിപ്ത് ആണ്. ഈജിപ്തിന്റെ വൈദ്യുതി ഉൽപാദനം 200.8 ടെറാവാട്ട് ആയിരുന്നു. ഇതിന്റെ ഇരട്ടിയിലേറെയാണ് സൗദിയുടെ ഉൽപാദനം. കഴിഞ്ഞ വർഷം ഈജിപ്തിന്റെ വൈദ്യുതി ഉൽപാദനം 4.2 ശതമാനം തോതിൽ കുറഞ്ഞു. മൂന്നാം സ്ഥാനത്തുള്ള യു.എ.ഇ 154.7 ടെറാവാട്ടും, നാലാം സ്ഥാനത്തുള്ള ഇറാഖ് 117.2 ടെറാവാട്ടും, അഞ്ചാം സ്ഥാനത്തുള്ള അൾജീരിയ 91.6 ടെറാവാട്ടും, ആറാം സ്ഥാനത്തുള്ള കുവൈത്ത് 83 ടെറാവാട്ടും, ഏഴാം സ്ഥാനത്തുള്ള ഖത്തർ 50 ടെറാവാട്ടും, എട്ടാം സ്ഥാനത്തുള്ള ഒമാൻ 41.4 ടെറാവാട്ടും, ഒമ്പതാം സ്ഥാനത്തുള്ള മൊറോക്കൊ 41.2 ടെറാവാട്ടും വൈദ്യുതി ഉൽപാദിപ്പിച്ചു. കഴിഞ്ഞ വർഷം യു.എ.ഇയുടെ വൈദ്യുതി ഉൽപാദനം 3.8 ഉം ഇറാഖിന്റെ ഉൽപാദനം 5.8 ഉം അൾജീരിയയുടെ ഉൽപാദനം 7.3 ഉം കുവൈത്തിന്റെ ഉൽപാദനം 2.7 ഉം ഒമാന്റെ ഉൽപാദനം 0.9 ഉം മൊറോക്കൊയുടെ ഉൽപാദനം 0.3 ഉം ശതമാനം തോതിൽ വർധിച്ചു. ഖത്തറിന്റെ വൈദ്യുതി ഉൽപാദനം കഴിഞ്ഞ വർഷം 3.1 ശതമാനം തോതിൽ കുറഞ്ഞു.
ലോകത്തെ ആകെ വൈദ്യുതി ഉൽപാദനം കഴിഞ്ഞ വർഷം 2.3 ശതമാനം തോതിൽ ഉയർന്നു. ലോകത്തെ ആകെ വൈദ്യുതി ഉൽപാദനം 29,170 ടെറാവാട്ട് ആയിരുന്നു. 2021 ൽ ഇത് 28,520 ടെറാവാട്ട് ആയിരുന്നു. ലോകത്തെ ഏറ്റവും വലിയ വൈദ്യുതി ഉൽപാദക രാജ്യം ചൈനയാണ്. കഴിഞ്ഞ കൊല്ലം ചൈന 14,550 ടെറാവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചു. ലോകത്തെ ആകെ വൈദ്യുതി ഉൽപാദനത്തിന്റെ 49.9 ശതമാനവും ചൈനയിലാണ്. രണ്ടാം സ്ഥാനത്തുള്ള അമേരിക്ക 4,550 ടെറാവാട്ടും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ 1,860 ടെറാവാട്ടും നാലാം സ്ഥാനത്തുള്ള റഷ്യ 1,170 ടെറാവാട്ടും അഞ്ചാം സ്ഥാനത്തുള്ള ജപ്പാൻ 1,030 ടെറാവാട്ടും വൈദ്യുതി ഉൽപാദിപ്പിച്ചു.