റിയാദ് : ഗാസയിലെ ഫലസ്തീനികൾക്കുള്ള റിലീഫ് വസ്തുക്കൾ വഹിച്ച സൗദിയിൽ നിന്നുള്ള ആദ്യ വിമാനം ഈജിപ്ത്, ഗാസ അതിർത്തിക്കു സമീപമുള്ള അൽഅരീശ് എയർപോർട്ടിൽ ഇറങ്ങി. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ 35 ടൺ റിലീഫ് വസ്തുക്കളാണുണ്ടായിരുന്നത്. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശാനുസരണം ഫലസ്തീൻ ജനതക്ക് സഹായങ്ങൾ സമാഹരിക്കാൻ നടത്തുന്ന ജനകീയ സംഭാവന ശേഖരണ യജ്ഞത്തിന്റെ ഭാഗമായാണ് റിയാദിൽ നിന്ന് വിമാന മാർഗം റിലീഫ് വസ്തുക്കൾ അയച്ചത്.
വരുംദിവസങ്ങളിലും വിമാന മാർഗം റിലീഫ് വസ്തുക്കൾ അയക്കുന്നത് തുടരുമെന്ന് കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലും റോയൽ കോർട്ട് ഉപദേഷ്ടാവുമായ ഡോ. അബ്ദുല്ല അൽറബീഅ അറിയിച്ചു. കപ്പൽ മാർഗം റിലീഫ് വസ്തുക്കൾ എത്തിക്കുന്ന കാര്യവും സെന്റർ പഠിക്കുന്നുണ്ട്. ഗാസയിൽ എത്രയും വേഗം ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കാനുള്ള ക്രമീകരണങ്ങൾ വിലയിരുത്താൻ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ സംഘം കഴിഞ്ഞ ദിവസം ഈജിപ്ത് സന്ദർശിച്ചിരുന്നു.
ഫലസ്തീൻ ജനതക്കു വേണ്ടിയുള്ള ജനകീയ സംഭാവന ശേഖരണ യജ്ഞത്തിലേക്ക് ഇന്നലെ രാവിലെ വരെ 42,88,16,155 റിയാൽ ലഭിച്ചിട്ടുണ്ട്. 6,07,379 പേർ സംഭാവനകൾ നൽകാൻ മുന്നോട്ടു വന്നു.
സൽമാൻ രാജാവ് മൂന്നു കോടി റിയാലും കിരീടാവകാശി രണ്ടു കോടി റിയാലും ജനകീയ ജനകീയ കാമ്പയിനിലേക്ക് സംഭാവന ചെയ്തിരുന്നു.