ജിദ്ദ : സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ക്രൂരമായ ആക്രമണം നടത്തുന്ന ഇസ്രായിലിന്റെ പ്രാകൃതത്വം തുറന്നുകാട്ടേണ്ടതുണ്ടെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ സെക്രട്ടറി ജനറൽ ഹുസൈൻ ത്വാഹ പറഞ്ഞു. ജിദ്ദയിൽ ഒ.ഐ.സി സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര വനിതാ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു സെക്രട്ടറി ജനറൽ. ഫലസ്തീനികൾ ക്രൂരമായ ഇസ്രായിലി ആക്രമണത്തിന് വിധേയരാകുന്ന രക്തരൂഷിതമായ സാഹചര്യത്തിലാണ് സമ്മേളനം നടക്കുന്നത്.
ഗാസയിലെ സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ, മറ്റു നിരപരാധികളായ സാധാരണക്കാർ എന്നിവരാണ് ഇസ്രായിലി ബോംബാക്രമണത്തിന് ഏറ്റവുമധികം ഇരകളാകുന്നത്. ഗാസയിൽ നടക്കുന്ന അവസാനിക്കാത്ത ദുരന്തം എല്ലാവരെയും വലിയ ഉത്തരവാദിത്തങ്ങൾ ഏൽപിക്കുന്നു. ഈ പ്രാകൃതത്വത്തെ തുറന്നുകാട്ടാനും ഫലസ്തീൻ സ്ത്രീകളുടെയും ഫലസ്തീനികളുടെയും മസ്ജിദുൽ അഖ്സയുടെയും അവകാശങ്ങൾക്കു വേണ്ടി പ്രതിരോധം തീർക്കാനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കാൻ ഇത് ആവശ്യപ്പെടുന്നു. മനുഷ്യനെ ഭൂമിയിൽനിന്നോ ഭൂമിയെ അധിനിവേശത്തിന്റെ യാഥാർഥ്യത്തിൽ നിന്നോ വേർതിരിക്കാൻ കഴിയാത്ത പ്രശ്നമാണ് ഫലസ്തീൻ പ്രശ്നം. അഫ്ഗാൻ സ്ത്രീകളെ ശാക്തീകരിക്കാനും, എല്ലാ തലങ്ങളിലും വിദ്യാഭ്യാസം നേടാനും പൊതുജീവിതത്തിൽ പങ്കാളികളാകാനുമുള്ള അവരുടെ അവകാശം ഉറപ്പാക്കാനും ക്രിയാത്മകമായ സംവാദങ്ങൾ തുടരാൻ ഒ.ഐ.സി പ്രതിജ്ഞാബദ്ധമാണെന്നും ഹുസൈൻ ത്വാഹ പറഞ്ഞു.