ജിദ്ദ : പൊതുമേഖലാ പെട്രോകെമിക്കൽ കമ്പനിയായ സൗദി ബേസിക് ഇൻഡസ്ട്രീസ് കോർപറേഷന് (സാബിക്) ഈ വർഷം മൂന്നാം പാദത്തിൽ 288 കോടി റിയാൽ നഷ്ടം നേരിട്ടു. കഴിഞ്ഞ കൊല്ലം മൂന്നാം പാദത്തിൽ കമ്പനി 180 കോടി റിയാൽ ലാഭമുണ്ടാക്കിയിരുന്നു. ആഗോള തലത്തിൽ രാസവസ്തുക്കൾക്കുള്ള ആവശ്യം കുറഞ്ഞതിന്റെ ഫലമായി സാബിക് ഉൽപന്നങ്ങളുടെ വില കുറഞ്ഞതാണ് നഷ്ടം നേരിടാൻ ഇടയാക്കിയതെന്ന് കമ്പനി പറഞ്ഞു. വിൽപന നടത്തിയ ഉൽപന്നങ്ങളുടെ അളവ് വർധിച്ചിട്ടും മൂന്നാം പാദത്തിൽ ആകെ വിൽപന 730 കോടി റിയാലായി കുറഞ്ഞു. ഈ വർഷം ആദ്യത്തെ മൂന്നു പാദങ്ങളിൽ കമ്പനിക്ക് ആകെ 104 കോടി റിയാൽ നഷ്ടം നേരിട്ടു. ആദ്യ പാദത്തിൽ 66 കോടി റിയാലും രണ്ടാം പാദത്തിൽ 118 കോടി റിയാലും കമ്പനി ലാഭം കൈവരിച്ചിരുന്നു.