GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

40 ദിവസത്തിൽ 1.94 ലക്ഷം ട്രക്കുകൾ; യുദ്ധത്തിനിടയിലും വ്യാപാരകേന്ദ്രമായി സൗദി.

ജിദ്ദ – യുദ്ധസാഹചര്യങ്ങൾക്കിടയിലും സൗദി അറേബ്യയിൽ നിന്ന് അയൽരാജ്യങ്ങളിലേക്കുള്ള കരമാർഗമുള്ള ചരക്ക് നീക്കത്തിൽ വലിയ വർധനവ് രേഖപ്പെടുത്തി. യുദ്ധം ആരംഭിച്ച ഫെബ്രുവരി 28 മുതൽ ഏപ്രിൽ 9 വരെയുള്ള 40 ദിവസത്തിനുള്ളിൽ 1,94,000-ലധികം ട്രക്കുകളാണ് സൗദിയുടെ വിവിധ അതിർത്തികൾ വഴി കടന്നുപോയത്. കൃത്യമായി പറഞ്ഞാൽ 1,94,824 ട്രക്കുകൾ ഈ കാലയളവിൽ അതിർത്തി കടന്നു. സൗദി അറേബ്യയുടെ കയറ്റുമതി മേഖലയുടെ കരുത്തും വാണിജ്യ ബന്ധങ്ങളുടെ വളർച്ചയുമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

ചരക്ക് നീക്കത്തിൽ സൗദി-യു.എ.ഇ അതിർത്തിയിലെ അൽബത്ത അതിർത്തി കവാടമാണ് ഒന്നാമത്. 40 ദിവസത്തിനിടെ 69,712 ട്രക്കുകളാണ് ഇതുവഴി കടന്നുപോയത്. സൗദി-ജോർദാൻ അതിർത്തിയിലെ അൽഹദീസ (26,238 ട്രക്കുകൾ), സൗദി-ബഹ്റൈൻ അതിർത്തിയിലെ കിംഗ് ഫഹദ് കോസ്‌‌ (22,103 ട്രക്കുകൾ) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്. ഖത്തർ അതിർത്തിയിലെ സൽവ വഴി 19,991 ട്രക്കുകളും, കുവൈത്ത് അതിർത്തിയിലെ അൽഖഫ്‌ജി വഴി 19,511 ട്രക്കുകളും അയൽരാജ്യങ്ങളിലേക്ക് ചരക്കെത്തിച്ചു.

മറ്റ് അതിർത്തികളായ ഒമാനിലെ റുബ്ഉൽഖാലി (11,291), കുവൈത്തിലെ അൽറുഖഇ (9,417), ഇറാഖിലെ ജിദൈദ അരാർ (7,015) എന്നിവ വഴിയും ഗണ്യമായ നീക്കം നടന്നു. യെമൻ അതിർത്തിയിലെ അൽവദീഅ വഴി 6,340 ട്രക്കുകളും, ജോർദാൻ അതിർത്തികളായ ഹാലത്ത് അമ്മാർ വഴി 1,745 ട്രക്കുകളും അൽദുറ വഴി 1,461 ട്രക്കുകളും കടന്നുപോയി. കരമാർഗമുള്ള ഈ ഗതാഗത വർധന സൗദിയുടെ സാമ്പത്തിക മുന്നേറ്റത്തെയും മികച്ച ലോജിസ്റ്റിക് സംവിധാനങ്ങളെയുമാണ് കാണിക്കുന്നത്. വിവിധ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന വാണിജ്യ കേന്ദ്രമായി രാജ്യം മാറുന്നതിന്റെ തെളിവ് കൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!