GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

അതിർത്തി നുഴഞ്ഞുകയറ്റത്തിനെതിരെ സൗദിയിൽ കടുത്ത നടപടി; 1,600 പേർ പിടിയിൽ

ജിദ്ദ – സൗദിയിലെ വിവിധ പ്രവിശ്യകളിൽ ഒരാഴ്‌ചക്കിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ ശക്തമായ പരിശോധനകളിൽ 15,000 ലേറെ നിയമ ലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശവ്വാൽ 14 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ 8,440 ഇഖാമ നിയമ ലംഘകരും 4,054 നുഴഞ്ഞുകയറ്റക്കാരും 2,964 തൊഴിൽ നിയമ ലംഘകരും അടക്കം ആകെ 15,458 നിയമ ലംഘകരാണ് പിടിയിലായത്. ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 1,600 പേരും അറസ്റ്റിലായി. ഇവരിൽ 60 ശതമാനം പേർ എത്യോപ്യക്കാരും 39 ശതമാനം പേർ യെമനികളും ഒരു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 47 പേരും ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞുകയറ്റക്കാർക്കും ജോലിയും അഭയവും യാത്രാ സൗകര്യവും നൽകിയ 30 പേരും ഒരാഴ്‌ചക്കിടെ അറസ്റ്റിലായി.

നിലവിൽ വിവിധ പ്രവിശ്യകളിലെ ഡീപോർട്ടേഷൻ സെൻ്ററുകളിൽ കഴിയുന്ന 40,184 നിയമ ലംഘകർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നു. ഇക്കൂട്ടത്തിൽ 35,861 പേർ പുരുഷന്മാരും 4,323 പേർ വനിതകളുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി പാസ്പോർട്ടുകളില്ലാത്ത 22,942 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ സംഘടിപ്പിക്കാൻ വിദേശ രാജ്യങ്ങളുടെ എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിക്കുന്നു. 11,221 പേർക്ക് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ നടപടികൾ സ്വീകരിക്കുന്നു. ഒരാഴ്‌ചക്കിടെ സൗദിയിൽ നിന്ന് 7,392 നിയമ ലംഘകരെ നാടുകടത്തി.

സൗദിയിൽ നുഴഞ്ഞുകയറാൻ നിയമ ലംഘകരെ സഹായിക്കുന്നവർക്കും നുഴഞ്ഞുകയറ്റക്കാർക്ക് യാത്രാ, താമസ സൗകര്യങ്ങളും ജോലിയും നൽകുന്നവർക്കും 15 വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. നുഴഞ്ഞുകയറ്റക്കാർക്ക് യാത്രാ സൗകര്യം നൽകാൻ ഉപയോഗിക്കുന്ന വാഹനങ്ങളും താമസ സൗകര്യം നൽകാൻ ഉപയോഗിക്കുന്ന പാർപ്പിടങ്ങളും കണ്ടുകെട്ടുകയും ചെയ്യും. ഇഖാമ, തൊഴിൽ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും ഇത്തരക്കാർക്ക് സഹായ സൗകര്യങ്ങൾ ചെയ്‌തുകൊടുക്കുന്നവരെയും കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിൽ ബന്ധപ്പെട്ടും മറ്റു പ്രവിശ്യകളിൽ 999, 996 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടും എല്ലാവരും അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!