GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഈ വർഷം വിദേശത്ത് നിന്ന് എത്തിയത് 1.8 കോടി ഉംറ തീർത്ഥാടകർ

ജിദ്ദ – ഈ വർഷം (ഹിജ്റ 1447) വിദേശങ്ങളിൽ നിന്ന് 1.8 കോടിയിലേറെ ഉംറ തീർഥാടകർ എത്തിയതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ അറിയിച്ചു. ഉംറ, സിയാറത്ത് ഫോറം 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2022 നെ അപേക്ഷിച്ച് 2025 ൽ വിദേശ ഉംറ തീർഥാടകരുടെ എണ്ണത്തിൽ വളർച്ച രേഖപ്പെടുത്തി. 2025 ൽ സേവനങ്ങളിലുള്ള തീർഥാടകരുടെ സംതൃപ്‌തി നിരക്ക് 94 ശതമാനത്തിൽ എത്തി. പുണ്യഭൂമിയിലേക്കുള്ള യാത്ര ആസൂത്രണം ചെയ്യുന്നത് മുതൽ മടക്കയാത്ര വരെയുള്ള എല്ലാ ഘട്ടങ്ങളിലും നൽകുന്ന സേവനങ്ങളിലെയും അനുഭവത്തിൻ്റെ ഗുണനിലവാരത്തിലെയും പുരോഗതി ഇത് പ്രതിഫലിപ്പിക്കുന്നു.

പ്രവാചക പള്ളിയിലെ റൗദ ശരീഫിൽ 1.56 കോടിയിലേറെ പേർ സിയാറത്ത് നടത്തി. റൗദ ശരീഫിൻ്റെ ശേഷി ഇരട്ടിയാക്കിയത് പ്രവേശന നടപടിക്രമങ്ങൾ സുഗമമാക്കാനും ജനക്കൂട്ടത്തിൻ്റെ ഒഴുക്ക് ക്രമീകരിക്കാനും സഹായിച്ചു. മതപരവും സാംസ്‌കാരികവുമായ അനുഭവങ്ങളുടെ വൈവിധ്യവൽക്കരണത്തെ പിന്തുണക്കാനായി മക്ക, മദീന, മറ്റ് പ്രവിശ്യകൾ എന്നിവിടങ്ങളിലെ 87 ചരിത്ര സ്ഥലങ്ങളും സമ്പന്നമായ ഡെസ്റ്റിനേഷനുകളും തീർഥാടകർക്കു മുന്നിൽ എടുത്തുകാണിച്ചു. നുസുക് ആപ്ലിക്കേഷൻ ഉപയോക്താക്കളുടെ എണ്ണം 5.1 കോടി കവിഞ്ഞു. ബുക്കിംഗ് സേവനങ്ങൾ, യാത്രകൾ മാനേജ് ചെയ്യൽ, ഉംറ തീർഥാടകരുടെയും സന്ദർശകരുടെയും അനുഭവം മെച്ചപ്പെടുത്തൽ എന്നിവക്കായി ഡിജിറ്റൽ പരിഹാരങ്ങളെ ആശ്രയിക്കുന്നത് വർധിക്കുന്നതിനെ ഈ കണക്കുകൾ സ്ഥിരീകരിക്കുന്നതായും ഹജ്, ഉംറ മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!