സൗദിയിലെ അൽ ഖുൻഫുദ ഗവർണറേറ്റിൽ കടൽ സുരക്ഷാ നിയമങ്ങൾ ലംഘിച്ച് മീൻപിടുത്തം നടത്തിയ രണ്ട് ഇന്ത്യൻ പ്രവാസികളെ സൗദി കോസ്റ്റ് ഗാർഡ് പിടികൂടി.
സൗദി അറേബ്യയുടെ കടൽ അതിർത്തിക്കുള്ളിൽ വിനോദ-വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ പാലിക്കേണ്ട സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിനാണ് നടപടി.
ഔദ്യോഗിക അനുമതിയില്ലാതെ മീൻപിടുത്തത്തിൽ ഏർപ്പെട്ടതിനാണ് ഇവരെ പിടികൂടിയതെന്ന് ബോർഡർ ഗാർഡ് വക്താവ് അറിയിച്ചു. ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്ത മത്സ്യങ്ങളും ഉപകരണങ്ങളും അധികൃതർ കസ്റ്റഡിയിലെടുത്തു.
നിലവിൽ ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്.
സൗദിയിലെ ജലവിഭവങ്ങളും സമുദ്ര പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി നടപ്പിലാക്കിയിട്ടുള്ള നിയമങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് ബോർഡർ ഗാർഡ് ആവശ്യപ്പെട്ടു.
പരിസ്ഥിതിക്കോ വന്യജീവികൾക്കോ ഭീഷണിയാകുന്ന തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണം. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ 911 ലും സൗദിയുടെ മറ്റ് ഭാഗങ്ങളിൽ 994, 999, 996 നമ്പറുകളിലും വിവരം നൽകാം
പരാതി നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അവർക്ക് യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

















Leave a Reply