മക്ക – വിശുദ്ധ റമദാനിൽ മക്കയിൽ ഹറമിലേക്കുള്ള ബസ് ഷട്ടിൽ
സർവീസുകൾ 6.4 കോടിയിലേറെ യാത്രക്കാർ പ്രയോജനപ്പെടുത്തിയതായി മക്ക റോയൽ കമ്മീഷൻ അറിയിച്ചു. റമദാൻ ഒന്നു മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ബസുകൾ 15 ലക്ഷം ഷട്ടിൽ സർവീസുകളാണ് നടത്തിയത്. ഏഴ് സെൻട്രൽ സ്റ്റേഷനുകളിൽ നിന്ന് 2,600 ബസുകൾ ഷട്ടിൽ സർവീസിന് ഉപയോഗിക്കുന്നു. റമദാനിലെ തിരക്കേറിയ സമയങ്ങളിൽ സ്റ്റേഷനുകളിൽ ശരാശരി കാത്തിരിപ്പ് സമയം 60 മിനിറ്റിൽ താഴെയായിരുന്നു. കഴിഞ്ഞ വർഷത്തെ റമദാനുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 21 ശതമാനം കുറവാണിത്.
മക്ക ബസ് പദ്ധതി 85,000 ട്രിപ്പുകളിലായി 22 ലക്ഷത്തിലധികം യാത്രക്കാർ ഉപയോഗപ്പെടുത്തി. ഇതേ കാലയളവിൽ മക്ക ടാക്സികൾ 51,000 ലേറെ സർവീസുകളാണ് നടത്തിയത്. മക്കയിലെ മീഖാത്ത് മസ്ജിദുകളിൽ 40 ലക്ഷത്തിലേറെ സന്ദർശകരെത്തി. മക്കയിലെ 14 ചരിത്ര, സാംസ്കാരിക കേന്ദ്രങ്ങൾ 15,000 ലേറെ പേർ സന്ദർശിച്ചു. നമസ്കാര നിരകളുടെ വിപുലീകരണം എന്ന് പേരിട്ട പദ്ധതി വഴി ഹറമിന് ചുറ്റുമുള്ള നമസ്കാര സ്ഥലങ്ങളെ കൂടുതൽ വിശ്വാസികളെ ഉൾക്കൊള്ളാനായി സജീവമാക്കി. റമദാൻ മാസത്തിൽ ഇത്തരത്തിൽ പെട്ട നാല് നമസ്കാര സ്ഥലങ്ങളിലായി ആകെ എട്ടര ലക്ഷത്തിലേറെ വിശ്വാസികളെ സ്വീകരിച്ചതായും മക്ക റോയൽ കമ്മീഷൻ അറിയിച്ചു. റമദാൻ ഒന്നു മുതൽ 28 വരെയുള്ള കാലയളവിൽ ഹറമിലേക്കുള്ള റോഡുകളിലൂടെ 27.9 ലക്ഷത്തിലധികം വാഹനങ്ങൾ സഞ്ചരിച്ചതായി റോഡ്സ് ജനറൽ അതോറിറ്റി വ്യക്തമാക്കി.
ഈ കാലയളവിൽ ഹറമിലേക്കുള്ള റോഡുകളിൽ ശരാശരി പ്രതിദിന വാഹന ഗതാഗതം 1,06,000 വാഹനങ്ങളായിരുന്നു. ഏറ്റവും കൂടുതൽ വാഹനങ്ങൾ സഞ്ചരിച്ചത് റമദാൻ 16 നാണ്. അന്ന് ഹറമിലേക്കുള്ള റോഡുകളിൽ 1,26,000 വാഹനങ്ങൾ സഞ്ചരിച്ചു. ഹറമിലേക്കുള്ള റോഡുകളിൽ തീർഥാടകർ സഞ്ചരിക്കുന്ന ബസുകളും ടാക്സികളും മാത്രമാണ് കടത്തിവിടുന്നത്. തീർഥാടകരുടെ സ്വകാര്യ വാഹനങ്ങൾ മക്കയിലെ പാർക്കിംഗുകളിലേക്ക് തിരിച്ചുവിടുകയാണ് പതിവ്. പാർക്കിംഗുകളിൽ നിന്ന് ഹറമിലേക്കും തിരിച്ചും ബസ് ഷട്ടിൽ സർവീസുകളുണ്ട്.

















Leave a Reply